പന്തളം: പാളത്തൊപ്പി വച്ച് കലപ്പയും കൂന്താലിയും തൂമ്പയും അരിവാളുമേന്തി കുട്ടികള്‍ മാതൃഭൂമി സീഡിന്റെ പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനത്തില്‍ പങ്കുചേര്‍ന്നു. പഴമയിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരുന്നു ഇത്.
പെണ്‍കുട്ടികള്‍ കൈലിയും ബ്ലൗസുമിട്ട് അരിവാളേന്തി കൊയ്ത്തുകാരായപ്പോള്‍ ആണ്‍കുട്ടികള്‍ തലയില്‍ തോര്‍ത്ത് കെട്ടിയും പാളത്തൊപ്പി വച്ചും കൈലിയുടുത്ത് മീശവച്ച് കൃഷിക്കാരായി. പഴയ കാര്‍ഷിക ഉപകരണങ്ങളായ കലപ്പയും വിത്തോറ്റിയും പ്രദര്‍ശനവസ്തുക്കളായി. സീഡ് ഗായകസംഘം ഒരുക്കിയ ഗാനവും തിരുവാതിരകളിയും നാടകവും കുട്ടികള്‍ അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം മാതൃഭൂമി സീഡ് പദ്ധതിയില്‍ റവന്യൂ ജില്ലാതലത്തില്‍ ഒന്നാമതെത്തിയ പൂഴിക്കാട് സ്‌കൂളില്‍ ഇല്ലാത്ത കൃഷികളില്ല. മഞ്ഞുപെയ്യുന്ന മലമടക്കുകളില്‍ മാത്രം കണ്ടിരുന്ന കാബേജും കോളിഫ്‌ളവറും അവര്‍ സ്‌കൂള്‍മുറ്റത്ത് നട്ടുകഴിഞ്ഞു. വാഴത്തോട്ടവും ജന്മനക്ഷത്ര പാര്‍ക്കും പൂന്തോട്ടവും കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്. വാഴത്തോട്ടത്തിലെ കൂമ്പും പിണ്ടിയും വാഴക്കുലകളും പച്ചക്കറിയുമെല്ലാം ഇവര്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കറികളാണ്. പി.ടി.എ.യും മാതാപിതാക്കളുമെല്ലാം കുട്ടികള്‍ക്ക് സഹായികളായി എപ്പോഴുമുണ്ട്.