പന്തളം: വീട്ടുമുറ്റത്തും സ്‌കൂള്‍വളപ്പിലും ഇനി കുട്ടികള്‍ പച്ചക്കറിത്തോട്ടമൊരുക്കും. വിഷമയമില്ലാത്ത നാടന്‍ പച്ചക്കറികള്‍ ഇവര്‍ക്ക് ഭക്ഷണമാകും, ഒപ്പം അധ്വാനത്തിന്റെ മധുരവും സംതൃപ്തിയും ലഭിക്കും.
മാതൃഭൂമി-സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂഴിക്കാട് ഗവണ്മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. കൃഷിവകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടര്‍ സുധീഷ് വി.ജോണ്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിത്തും അദ്ദേഹം വിതരണം ചെയ്തു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍.പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ രാജു കല്ലുംമൂടന്‍, അഡ്വ. ഡി.എന്‍.തൃദീപ്, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ രാജശേഖരന്‍നായര്‍, സീഡ് എക്‌സിക്യൂട്ടീവ് അനുരാജ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.പച്ചക്കറി കൃഷിരീതിയെപ്പറ്റി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബി.വിജയലക്ഷ്മി ക്ലാസ്സെടുത്തു. പ്രഥമാധ്യാപകന്‍ ജി.ഗോപിനാഥന്‍പിള്ള സ്വാഗതവും മാതൃഭൂമി പന്തളം ലേഖകന്‍ കെ.സി.ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.