മാതൃഭൂമി സീഡ് ജില്ലാതല പച്ചക്കറിവിത്ത് വിതരണം: കുട്ടികള്‍ കാര്‍ഷികസംസ്‌കൃതിയിലേക്ക്

Posted By : ktmadmin On 31st December 2013


പരുന്ന: കുട്ടികള്‍ ഇനി പഴയകാല കാര്‍ഷികസമൃദ്ധിയിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ്.
  ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇനി സ്‌കൂള്‍വളപ്പിലും വീട്ടുമുറ്റത്തും പച്ചക്കറിക്കൃഷിയിറക്കും.
    വിഷമയമില്ലാത്ത തനി നാടന്‍ പച്ചക്കറികള്‍ ഭയമില്ലാതെ ഇവര്‍ ഭക്ഷണത്തിനായി ഒരുക്കും. പാഠപുസ്തകങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ഇവര്‍ക്ക് അധ്വാനത്തിന്റെ മധുരവും സംതൃപ്തിയും ലഭിക്കും.

മാതൃഭൂമി-സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന പച്ചക്കറിവിത്ത് വിതരണച്ചടങ്ങിലാണ് കുട്ടികള്‍ പച്ചക്കറിത്തോട്ടമൊരുക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്തത്.

     പെരുന്ന ഡോ. സക്കീര്‍ഹുസൈന്‍ സ്മാരക ഭാരതീയ വിദ്യാവിഹാറില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍(ഹോര്‍ട്ടികോര്‍പ്പ്) ലാലിമ്മ ജോസഫ് ജില്ലാതല വിത്തുവിതരണം ഉദ്ഘാടനംചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ അധ്യക്ഷനായിരുന്നു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കോട്ടയം ഡി.ജയകുമാര്‍, ഡോ. സക്കീര്‍ഹുസൈന്‍ സ്മാരക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കെ.എ.ലത്തീഫ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍.വാസന്തി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ടി.ഉണ്ണികൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ റസീനാബീഗം എന്നിവര്‍ സംസാരിച്ചു.

      ഡോ. സക്കീര്‍ഹുസൈന്‍ സ്മാരക ഭാരതീയ വിദ്യാവിഹാറിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
 

Print this news