കാരിക്കോട് ഫാ.ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍കുട്ടികളുടെ കോടതിക്ക് തുടക്കമായി

Posted By : ktmadmin On 31st December 2013


പെരുവ:മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഫാദര്‍ ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളെ മാനിസകാമയോ ശാരീരികമായോ ശിക്ഷിക്കാതെ അച്ചടക്കം പഠിപ്പിക്കുന്നതിനായി കുട്ടികളുടെ കോടതിക്ക് തുടക്കമായി.
കുട്ടികള്‍ക്കിടയിലെ ചെറിയപ്രശ്‌നങ്ങള്‍ മുതല്‍ ഗൃഹപാഠം ചെയ്യാതെ വരിക, അനുവാദമില്ലാതെ ക്ലാസ്സില്‍ ഹാജരാകാതെയിരിക്കുക തുടങ്ങിയ ഏതുവിഷയവും കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാം. ഒഴിവുസമയത്താണ് കോടതി ചേരുന്നത്. കോടതിക്കായി പ്രത്യേക മുറിതന്നെ സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും സാന്നിദ്ധ്യത്തിലാണ് കേസ് പരിഗണിക്കുന്നത്. ഓരോ ക്ലാസ്സിലെയും സര്‍വ്വ സമ്മതനായ ഒരുകുട്ടിയാണ് ആ ക്ലാസ്സിലെ ജഡ്ജി. വാദിക്കും പ്രതിക്കും സ്വന്തം ക്ലാസ്സിലെ,അവര്‍ക്കി ഷ്ടമുള്ളവരെ വക്കീലന്മാരായി വയ്ക്കാം. ജഡ്ജിക്കും വക്കീലന്മാര്‍ക്കും പ്രത്യേകം യൂണിഫോമുകളും തയ്യാറാക്കിയിട്ടുണ്ട്. പഠനത്തിന് സഹായിക്കുന്ന വിധത്തിലുള്ള എന്തെങ്കിലും ജോലിയായിരിക്കണം ശിക്ഷയായി വിധിക്കേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോടതിമുറിയില്‍ കുട്ടികളുടെ അച്ചടക്കം ഏറെ ശ്രദ്ധേയവുമാണ് സ്‌കൂളുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നത് കുട്ടികളുടെ അഭിരുചി വര്‍ധിപ്പിക്കാനാണെന്ന് പ്രഥമാധ്യാപകന്‍ കെ.ജെ.രാജു പറഞ്ഞു. കുട്ടികളുടെ കോടതിയുടെ ഉദ്ഘാടനം സേവാഗ്രാം ഡയറക്ടര്‍ ഫാ.ജിയോ മങ്ങര നിര്‍വഹിച്ചു.അഡ്വ.അനില്‍, രാജു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജിജോ ജോണ്‍, സ്‌കൂള്‍ ലീഡര്‍ സ്റ്റെഫിന്‍ എം.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
 

Print this news