കടയ്ക്കല്‍: സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കടയ്ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ലോകത്ത് നടന്ന പ്രധാനസംഭവങ്ങള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പഴയ താളുകളിലൂടെയുള്ള യാത്ര ഉള്‍പ്പെടെയുള്ള പ്രദര്‍ശനം മേളയിലെ പ്രധാന ആകര്‍ഷണമാണ്.
മാതൃഭൂമി പിറവിയെടുത്ത ഒന്നാംലക്കം മുതല്‍ ഇന്ത്യ സ്വതന്ത്രയായി, ഗാന്ധിജി വെടിയേറ്റ് മരിച്ചു, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചു, മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍, പെരുമണ്‍ തീവണ്ടി അപകടം, ഇന്ത്യയ്ക്ക് ആദ്യമായി ലോക ക്രിക്കറ്റ് കിരീടം അങ്ങനെ ലോകത്തും ഭാരതത്തിലും നടന്ന പ്രധാന സംഭവങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്താളുകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോകളുടെ പ്രദര്‍ശനവും സജ്ജമാക്കിയിട്ടുണ്ട്. ജീവന്റെ നിലനില്പിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സീഡ് യൂണിറ്റ് കലോത്സവനഗരിയിലാകെ ഒരുക്കിയിട്ടുണ്ട്.
ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഗോപകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് വി.സുബ്ബലാല്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആര്‍.ബിജു, എസ്.ഷാജഹാന്‍, എ.നാസര്‍, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം ജി.രാജന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.