കുന്നിക്കോട്:വിദ്യാര്‍ത്ഥികള്‍ക്ക് മണ്ണിന്റെ ഗുണവും സ്വഭാവവും മനസ്സിലാക്കി കോട്ടവട്ടം ഹൈസ്‌കൂളില്‍ മണ്ണ് പരിശോധനാ പ്രദര്‍ശനവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. സ്‌കൂളിലെ സീഡ് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിലെ മൊബൈല്‍ യൂണിറ്റ് സ്‌കൂളിലെത്തിച്ചാണ് പരിശോധനയും പ്രദര്‍ശനവും നടത്തിയത്. വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികള്‍ ശേഖരിച്ച വ്യത്യസ്ത ഇനം മണ്ണുകളുടെ നാല്പതോളം സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ച് പരിശോധിക്കുകയും വിവിധ മണ്ണിനങ്ങളുടെ സ്വഭാവവും ഗുണങ്ങളും ഘടകങ്ങളും വിവരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തത നല്‍കുകയും ചെയ്തു. ഓരോ കാര്‍ഷികവിളയ്ക്കും അനുയോജ്യമായ മണ്ണിനെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് ശുചിത്വം, ആരോഗ്യം, പരിസ്ഥിതി എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കോട്ടവട്ടം നോര്‍ത്ത് വാര്‍ഡ് മെമ്പര്‍ പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഡി.ശ്രീധരന്‍ പോറ്റി അദ്ധ്യക്ഷനായി. മണ്ണ് പരിശോധനാ ലാബിലെ അസിസ്റ്റന്റ് ഓഫീസര്‍ റോബിന്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. വെട്ടിക്കവല കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് തുളസീധരന്‍ പിള്ള പ്രഥമാധ്യാപകന്‍ കെ.സന്തോഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.രാമചന്ദ്രന്‍ പിള്ള, സീനിയര്‍ അസിസ്റ്റന്റ് നളിനിക്കുട്ടി അന്തര്‍ജനം, ബിജു പോറ്റി, സ്‌കൂള്‍ ലീഡര്‍ അമല്‍ ബാബു, സീഡ് ക്ലബ് സെക്രട്ടറി ഐശ്വര്യ എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആരോഗ്യ ബോധവത്കരണ സെമിനാര്‍ കരീപ്ര എന്‍.രാജേന്ദ്രന്‍ നയിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ അനഘ ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇമ്മാനുവല്‍, ജോണ്‍,പാര്‍വ്വതി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.