ശാസ്താംകോട്ട: ഒരു പാറമട വരുത്തിയ വിനയും അത് ജനജീവിതത്തിനുണ്ടാക്കിയ ദുരിതവും മാതൃഭൂമി സീഡിന്റെ കുട്ടിക്കൂട്ടം നേരിട്ടു കണ്ടു. പ്രകൃതിക്കെതിരെയുള്ള ക്രൂരതയില്‍ അവര്‍ സമരരംഗത്തെ പ്രകൃതി സ്‌നേഹികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേരളത്തിലെ പരിസ്ഥിതി ദൂര്‍ബല പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്. എസിലെ സീഡ് ക്ലബ്ബിന്റെ അംഗങ്ങളാണ് കലഞ്ഞൂരിലെ പാറമടയിലെത്തിയത്. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.പി.ശ്രീകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സീഡ് ക്ലബ്ബിന്റെ യാത്ര.
വായൂമലീനീകരണവും ശബ്ദമലിനീകരണവും കടുത്ത ജലക്ഷാമവും കാരണം ദുരിതത്തിലായിരിക്കുന്നത് കലഞ്ഞൂരിലെ ഏഴു വാര്‍ഡിലെ ജനങ്ങളാണ്. കൂറ്റന്‍ യന്ത്രങ്ങളാല്‍ പ്രകൃതിയെ ഓരോ നിമിഷവും തകര്‍ത്തെറിയുന്നു.
സമരസമിതി കണ്‍വീനര്‍ എം.ജി.സന്തോഷ് കുമാറിന്റെ വിവരണം കേട്ട് കുട്ടികളും അധ്യാപകരും വീടുകളിലേക്ക് ഇറങ്ങിച്ചെന്നു.
വീട്ടുകാരോട് ചോദിച്ചതൊക്കെ അവരുടെ സീഡ് ഡയറിയില്‍ കുറിച്ചുകൊണ്ടിരുന്നു. 7 മണിമുതല്‍ തന്നെ ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ഏഴ് വാര്‍ഡിലെയും കുട്ടികള്‍ക്ക് പഠിക്കാനാകുന്നില്ല. ഈ ഗ്രാമങ്ങളെ കാത്തുസൂക്ഷിച്ചിരുന്ന പോത്തുപാറമല, കള്ളിപ്പാറമല, ഇഞ്ചപ്പാറ മല, രാക്ഷസന്‍ പാറ, പടപ്പാറ മല എന്നിവ തകര്‍ത്തുകഴിഞ്ഞു. കിഴക്കന്‍ മലയോര ഗ്രാമങ്ങളായ ഇഞ്ചപ്പാറ, മുറിഞ്ഞകല്‍, പാറക്കണ്ടം, അതിരുങ്കല്‍, കുളത്തുമണ്‍, പോത്തുപാറ, കാരയ്ക്കാക്കുഴി, അഞ്ചുമുക്ക്,തിടി, ഏലിക്കോട് എന്നീ ഗ്രാമങ്ങളില്‍ ജീവിക്കാന്‍തന്നെ കഴിയാത്ത സ്ഥിതി. വര്‍ഷത്തില്‍ 10 മാസവും വെള്ളം കിട്ടില്ല.
കലഞ്ഞൂരിന്റെ ദൈന്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ അപ്പോള്‍ത്തന്നെ സീഡ് ക്ലബ്ബ് തീരുമാനിച്ചു.
കലഞ്ഞൂരിലെ പൊതുജനം നടത്തുന്ന സമരത്തിന് പിന്തുണയും സഹായവും നല്‍കണമെന്നാവശ്യപ്പെട്ട് വിശദമായ കത്ത് മുഖ്യമന്ത്രിക്ക് അയയ്ക്കുകയും ചെയ്തു. തന്റെ വകയായി എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും ഇക്കാര്യത്തിനായി കാണുമെന്നും സീഡ് കുട്ടികള്‍ക്കൊപ്പം വന്ന ജില്ലാ പഞ്ചായത്തംഗവും ഉറപ്പുകൊടുത്തു.
മണിക്കുറുകള്‍ നീണ്ട പഠനത്തിനൊടുവില്‍ നാട്ടുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സീഡ് ക്ലബ്ബ് കലഞ്ഞൂര്‍ വിട്ടത്.
താമരക്കുളം വി.വി.എച്ച്.എസിലെ റാഫി രാമനാഥ്, എസ്.ജയകുമാര്‍, എസ്.മാലിനി, ഡി.സരസ്വതി, ഷിബി മോള്‍ എന്നീ അധ്യാപകരും സീഡിന്റെ പഠനസംഘത്തിനെ നയിക്കാനായി എത്തിയിരുന്നു.