തൊടുപുഴ: പാളത്തൊപ്പിയിട്ട് ചേമ്പിലചൂടി നാട്ടുപാട്ടിന്റെ ഈണത്തില്‍ വിത്തിട്ടപ്പോള്‍ പഴമയുടെ തിരിച്ചുവരവ്. പൊയ്‌പ്പോയ കാലത്തിന്റെ ഓര്‍മ്മപുതുക്കലില്‍ വിദ്യാര്‍ഥികള്‍ വിതച്ചത് ഭാവിയിലേക്കുള്ള വിത്തായിരുന്നു.
പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ പച്ചക്കറിവിത്ത് വിതരണം പുതുമ നിറഞ്ഞതായിരുന്നു.
41 വിദ്യാര്‍ഥികള്‍. അവരെല്ലാം പാളത്തൊപ്പിയിട്ടു. പിന്നെ 41 പഴഞ്ചൊല്ലും പാടി ഉദ്ഘാടനത്തിനൊരുങ്ങിയപ്പോള്‍ വ്യത്യസ്തമായൊരനുഭവം.
'എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം' എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും കൃഷിവകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളില്‍ പച്ചക്കറിവിത്ത് നല്‍കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി.എസ്സില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ കിളച്ച്, അവര്‍തന്നെ വിത്തുപാകി. കൂടെച്ചേര്‍ന്നു കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാകുമാരി. കൃഷിയിടത്തിന്റെ അതിരുകളില്‍ കൈതച്ചക്കയുടെ തൈകള്‍ നട്ടു. ജലസേചനത്തിനായി കണികാ ജലസേചനസംവിധാനം. വിദ്യാര്‍ഥികളുടെ ആവേശം കണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് കണ്ടത്തിലും മറ്റു ജനപ്രതിനിധികളും അധ്യാപകരും അവരോടൊപ്പം ചേര്‍ന്നു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍, വാര്‍ഡ് മെമ്പര്‍ ജെസ്സി വര്‍ഗ്ഗീസ്, സ്‌കൂള്‍ അഡൈ്വസര്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എം.മാത്യു, മുന്‍ ഹെഡ്മാസ്റ്റര്‍ സി.ജെ.മേരി എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആന്റണി കണ്ടിരിക്കല്‍ സ്വാഗതവും സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത് കെ.കെ. നന്ദിയും പറഞ്ഞു.