കണിച്ചുകുളങ്ങര:വിശാഖം നാളുകാരനായ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നട്ടത് വയ്യങ്കതവ് മരം. തന്റെ ജന്മനക്ഷത്ര മരത്തില്‍ മുള്ളുണ്ടെന്ന കമന്റ് കേട്ടപ്പോള്‍ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുമെന്ന് വെള്ളാപ്പള്ളി. മരം നട്ടശേഷം തനിക്കുതന്നെ വെള്ളം ഒഴിക്കണമെന്നായി വെള്ളാപ്പള്ളി." ഇനി വെള്ളം ഒഴിക്കാന്‍ ഞാന്‍ വരണോ' വെള്ളാപ്പള്ളിയുടെ ചോദ്യം കേട്ടപ്പോള്‍ കൂട്ടച്ചിരി.
കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികള്‍ ഓരോരുത്തരായി തങ്ങളുടെ ജന്മനക്ഷത്രമരം കണ്ടെത്തി നട്ടപ്പോള്‍ കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ജന്മനക്ഷത്രമരം പദ്ധതിക്ക് തുടക്കമായി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ കാവിലാണ് സീഡ് ക്ലബ് അംഗങ്ങള്‍ ജന്മനക്ഷത്രമരം പദ്ധതി തുടങ്ങിയത്. ക്ഷേത്രമുറ്റത്ത് ചൊവ്വാഴ്ച രാവിലെ നടന്ന സമ്മേളനം എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എന്‍.രാജീവന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍, കണിച്ചുകുളങ്ങര സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ബാബു, പ്രധാന അധ്യാപിക കെ.പി.ഷീബ, കണിച്ചുകുളങ്ങര ക്ഷേത്രം ഖജാന്‍ജി കെ.കെ.മഹേശന്‍, ദേവസ്വം സെക്രട്ടറി സി.രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.കെ.ധനേശന്‍ പൊഴിക്കല്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.എസ്.സജിത്ത്, സീഡ് പ്രേഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അരുണ രവീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി പി.വി.സിനി, മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.വി.കമലാസനന്‍, എന്‍.സുരേന്ദ്രന്‍, ടി.പ്രകാശന്‍, പി.കെ.അനില്‍ബാബു, ടി.എസ്.ഉഷാര്‍, പി.കെ.തിലകന്‍, കെ.രാജേന്ദ്രന്‍, കെ.വി.വിജയന്‍, പി.ടി.എ.കമ്മിറ്റി അംഗങ്ങളായ ഉദയന്‍, അനില്‍കുമാര്‍, സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കണിച്ചുകുളങ്ങര സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്കൂളില്‍നിന്ന് ക്ഷേത്രത്തിലേക്ക് ജാഥയായി എത്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്. ജന്മനക്ഷത്രമരങ്ങളുടെ മഹത്ത്വം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകള്‍ കുട്ടികളുടെ കൈയിലുണ്ടായിരുന്നു.
ചടങ്ങില്‍ സംസ്ഥാന മിനി അത്‌ലറ്റിക് മീറ്റില്‍ വെങ്കലമെഡല്‍ നേടിയ ആറാംക്ലാസ്സുകാരി അലീന വിശ്വനാഥനെ ആദരിച്ചു.