വീണമരങ്ങള്‍ മാത്രം മുറിച്ചുമാറ്റും

Posted By : Seed SPOC, Alappuzha On 11th December 2013


 
 
ആലപ്പുഴ: വീണമരങ്ങള്‍ മാത്രം കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി മുഖേന മുറിച്ച് മാറ്റുമെന്ന് അധികൃതര്‍ കോടതിക്ക് ഉറപ്പ് നല്‍കി. നഗരത്തിലെ കനാല്‍ക്കരകളിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ കായംകുളം സ്വദേശി കെ.മോഹനന്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് അധികൃതര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. 
ഉണങ്ങി നില്‍ക്കുന്നതും മറിഞ്ഞു വീഴാന്‍ സാധ്യതയുള്ളതുമായ മരങ്ങളുടെ എണ്ണം പത്ത് ദിവസത്തിനകം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ മുഖേന തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും. മുറിച്ച് മാറ്റുന്ന മരങ്ങള്‍ക്ക് പകരമായി ജനകീയ പങ്കാളിത്തത്തോടെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും സാധ്യമായ സ്ഥലങ്ങളിലെല്ലാം വെച്ചു പിടിപ്പിക്കുമെന്ന് അധികൃതര്‍ കോടതിക്ക് ഉറപ്പ് നല്‍കി. 
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി നിക്‌സണ്‍ എം.ജോസഫാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. ഒ. ഹാരിസ് ഹാജരായി. എതിര്‍കക്ഷികളായ ജില്ലാ കളക്ടറുടേയും നഗരസഭയുടേയും പ്രതിനിധികളും വനംവകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ഇറിഗേഷന്‍ വകുപ്പ് അധികാരികളും ഹാജരായി.  
 
 
 
 
 
ആലപ്പുഴ: കനാല്‍ക്കരയിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രൂപവത്ക്കരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കനാല്‍ക്കരയിലെ വൃക്ഷങ്ങള്‍ ഇനം തിരിക്കുന്നതിനും ശാസ്ത്രീയമായി എണ്ണിത്തിട്ടപ്പെടുത്തുന്നതിനുമായി ട്രീ കൗണ്ടിങ് സംഘടിപ്പിക്കും. 
ഡിസംബര്‍ എട്ടിന് ഏഴ് മണി മുതല്‍ നടക്കുന്ന ട്രീ കൗണ്ടിങ്ങിന് മുന്നോടിയായി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി വ്യാഴാഴ്ച പരിശീലനം സംഘടിപ്പിക്കും. രണ്ട് മുതല്‍ ആലപ്പുഴ ക്രീംകോര്‍ണറില്‍ നടക്കുന്ന പരിശീലനത്തിന് പരിസ്ഥിതി വിദഗ്ധരും സസ്യശാസ്ത്രജ്ഞരും നേതൃത്വം നല്‍കും. പരിശീലനത്തിനും ട്രീ കൗണ്ടിങ്ങിനും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9809320590, 9495119366 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 
 
 
 

Print this news