ചാരുംമൂട്:മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുന്ന ഉത്തരവ് ഉണ്ടായത് താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെകൂടി വിജയമായി. വഴിയോര തണല്‍ മരങ്ങളിലും പൊതുസ്ഥലങ്ങളിലെ മരങ്ങളിലും ആണിയടിച്ച് ബോര്‍ഡുകളുംമറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറനസ്ര്ടി) 2012 സപ്തംബര്‍ ഏഴിനാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്താന്‍ മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി.
താമരക്കുളം വി.വി.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു നടപടി. സ്കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററായിരുന്ന റാഫി രാമനാഥിന്റെ നേതൃത്വത്തില്‍ 2012 ജൂലായിലാണ് നിവദേനം നല്‍കിയത്. കായംകുളം- പുനലൂര്‍ സംസ്ഥാനപാതയിലെ തണല്‍മരങ്ങളില്‍ ആണിയടിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും കെട്ടിയിരിക്കുന്നതുകണ്ടാണ് സീഡ്ക്ലബ് രംഗത്തിറങ്ങിയത്.
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നല്‍കിയതോടൊപ്പം ഇതിനെതിരെ മരങ്ങളില്‍ പോസ്റ്റര്‍ പതിക്കുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ മരങ്ങളില്‍നിന്ന് നീക്കംചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ കായംകുളം പുനലൂര്‍ റോഡടക്കം ജില്ലയിലെ പലസ്ഥലങ്ങളിലും കുറേ ബോര്‍ഡുകള്‍ നീക്കം ചെയെ്തങ്കിലും ആരുടെയും പേരില്‍ നടപടി സ്വീകരിച്ചില്ല. ഇതുകാരണം മരങ്ങളില്‍ പരസ്യബോര്‍ഡും ബാനറുകളും ആളുകള്‍ വീണ്ടും സ്ഥാപിച്ചു.
പിന്നീട്, സീഡ്ക്ലബ് മാവേലിക്കര എം.എല്‍.എ.ആര്‍.രാജേഷിന് നിവേദനം നല്‍കി. 2013 ഏപ്രില്‍ 19ന് നിയമസഭയില്‍ അദ്ദേഹം വിഷയം ഉന്നയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു നിയമസഭയില്‍ മറുപടി.
നിജസ്ഥിതി അറിയാന്‍ സീഡ്ക്ലബ് വിവരാവകാശനിയപ്രകാരം പോലീസ് ആസ്ഥാനത്ത് നല്‍കിയ അപേക്ഷയ്ക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ല. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിച്ചില്ല.
തണല്‍മര സംരക്ഷണത്തിനായി സംസ്ഥാനതലത്തില്‍ കൂട്ടായ്മ ഉണ്ടാക്കി സ്കൂളുകളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മരങ്ങളില്‍ ആണി അടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയില്‍ ആഹ്ലാദിക്കുകയാണ് വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ് വിദ്യാര്‍ഥികള്‍.