പയ്യന്നൂര്‍: പാടങ്ങള്‍ തരിശിടുന്ന സ്ഥിതിക്ക് മറുപടിയായി കരനെല്‍കൃഷിയുമായി കുട്ടികള്‍ രംഗത്ത്. ഏറ്റുകുടുക്ക സീഡ് അംഗങ്ങളാണ് പുതിയ ലക്ഷ്യവുമായി മുന്നിട്ടിറങ്ങുന്നത്. അന്യം നിന്നുപോകുന്ന നാടന്‍വിത്തിനങ്ങളെ വീണ്ടെടുക്കുക, മണ്ണിനും പ്രകൃതിക്കും ആരോഗ്യത്തിനും അനുയോജ്യമായ വിളകള്‍ ഉത്പാദിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിറവേറ്റുകയാണ് ഉദ്ദേശ്യം.
പരമ്പരാഗത കര്‍ഷകരില്‍നിന്ന് വിവരശേഖരണം നടത്തുക, പഴയ കൃഷിസമ്പ്രദായങ്ങള്‍ പഠിക്കുക തുടങ്ങി ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായാണ് കുട്ടികള്‍ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത്. പിന്തുണയുമായി അധ്യാപകരും നാട്ടുകാരും കുട്ടികള്‍ക്കൊപ്പമുണ്ട്. കര്‍ഷകന്‍ കീനേരി നാരായണന്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. അപൂര്‍വ വിത്തിനങ്ങളായ കുത്ത ഞവര, ഓക്ക കുഞ്ഞു, കുന്തിപുല്ലന്‍, പാല്‍ കയമ, വെളുത്ത തൊണ്ണൂറാന്‍, ചുവന്ന തൊണ്ണൂറാന്‍, കരചെഞ്ചീര, ചോമന്‍ എന്നിവയാണ് വിതച്ചത്.