മുളന്തുരുത്തി: സഹായിക്കാന്‍ ആരുമില്ലാത്ത പൂര്‍വ വിദ്യാര്‍ഥിനിയായ ഷൈനിക്ക് സ്വന്തമായി വാര്‍ക്കവീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള ശ്രമത്തിലാണ് വെളിയനാട് സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എന്‍ സി സിയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ തന്നെ പണം സ്വരൂപിച്ച് 556 സ്‌ക്വയര്‍ഫീറ്റുള്ള വാര്‍ക്ക വീടാണ് നിര്‍മിച്ചു നല്‍കുന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ വടയാപ്പറമ്പ് പള്ളാത്തടത്തില്‍ 35 വയസ്സുള്ള ഷൈനി കുര്യാക്കോസിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.പിതാവ് കുര്യാക്കോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചു.
തുടര്‍ന്ന് മാനസീകമായും, ശാരീരീകമായും തളര്‍ന്ന അമ്മ ശോശ രോഗശയ്യയിലായി. ഷൈനിക്കാകട്ടെ അസുഖവും കഷ്ടപ്പാടും മൂലം വിവാഹം കഴിക്കുവാനും സാധിച്ചില്ല. ആകെയുള്ള നാലര സെന്റില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കുടില്‍ കെട്ടിയാണ് താമസം. രോഗശയ്യയിലായ അമ്മയെ ശുശ്രൂഷിക്കുന്നതിനും ഉപജീവനത്തിനുമായി ശാരീരീക അവശതകള്‍ കണക്കിലെടുക്കാതെ കടകളിലും മറ്റും പണിയെടുത്താണ് ഷൈനി കഴിയുന്നത്. അടച്ചുറപ്പില്ലാതെ കഴിയുന്ന ഷൈനിയുടെ അവസ്ഥ മനസിലാക്കി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കുവാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തീരുമാനിക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് ഈ സ്‌കൂളുകളില്‍ അധികവും. എങ്കിലും പഠനകാലത്തെ ആഘോഷങ്ങളും ജന്‍മദിനത്തിലെ മിഠായി വിതരണവുമൊക്കെ, മാറ്റി വച്ച് വീട് നിര്‍മിക്കുന്നതിനുള്ള പണം സ്വരൂപിക്കുകയാണ് കുട്ടികള്‍. അതിനായി കുട്ടികള്‍ തന്നെ ഓരോ ക്ലാസ്സിലും ബോക്‌സുകള്‍ വച്ചിട്ടുണ്ട്.ചെറിയ ക്ലാസ്സിലെ കുരുന്നുകള്‍ പോലും മിഠായി വാങ്ങാതെ പൈസ ഇതില്‍ നിക്ഷേപിക്കും. ഒപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം കൂടി ആയപ്പോള്‍ പെട്ടന്നു തന്നെ വീടിന്റെ തറപ്പൊക്കം തീര്‍ന്നു. അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും കുട്ടികള്‍ നിര്‍മ്മാണത്തിന് സഹായിക്കുവാനെത്തും. ഇങ്ങനെ പണിക്കൂലിയില്‍ കുറച്ചു തുക മിച്ചംപിടിക്കുവാന്‍ സാധിക്കും. കുട്ടികളുടെ ആവേശം കണ്ട നാട്ടുകാരും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. അയല്‍ക്കാരും ചെറുപ്പക്കാരുമായ പലരും ഒഴിവുസമയങ്ങളില്‍ സഹായിക്കുവാനെത്തും. ഭവന നിര്‍മാണ പദ്ധതി ഏറ്റെടുത്തതോടെ സ്‌കൂളില്‍ കുട്ടികളുടെ ഈ വര്‍ഷത്തെ ആഘോഷ പരിപാടികളെല്ലാം മാറ്റി വെച്ചു.
ഫിബ്രവരി മാസത്തോടെയെങ്കിലും ഷൈനിയെയും അമ്മയെയും പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കുവാനാകുമെന്നാണ് പ്രതീക്ഷ.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. പി. ബാബു, പി ടി എ പ്രസിഡന്റ് ടി. എം. സജി, സ്റ്റാഫ് സെക്രട്ടറി ദാനിയേല്‍ തോമസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രവര്‍ത്തനങ്ങളില്‍ സുമനസുകള്‍ക്കും പങ്കുചേരാവുന്നതാണ്. അതിനായി പ്രധാനാധ്യാപിക ജെമ്മ ഫിലോമിന, ലോക്കല്‍ മാനേജര്‍ ഫാ: പൗലോസ് കിഴക്കിനേടത്ത്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ യൂണിയന്‍ ബാങ്ക് പിറവം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പര്‍-607902010007237.ഐ എഫ് എസ് സി കോഡ്-ഡഏകചഛ560791