ചാരുംമൂട്: കായംകുളം- പുനലൂര്‍ റോഡിന്റെ വശങ്ങളില്‍ നില്‍ക്കുന്ന തണല്‍മരങ്ങള്‍ സംരക്ഷിക്കുന്നതിനായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെയും ചുനക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്സിലെയും "മാതൃഭൂമി' സീഡ് ക്ലബ്ബുകള്‍ രംഗത്തിറങ്ങി.
കെ.പി. റോഡില്‍ പറയംകുളം ജങ്ഷന് സമീപം കഴിഞ്ഞദിവസം ശിഖരങ്ങള്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് മുമ്പിലായിരുന്നു സീഡ് വിദ്യാര്‍ഥികളുടെ സമരം. ഈ ഭാഗത്തെ മൂന്ന് തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി പി.ഡബ്ല്യു.ഡി. ലേലംചെയ്ത് നല്‍കിയിരുന്നു. കേടാകാത്ത മരങ്ങള്‍ മുറിക്കുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം തടഞ്ഞു. നൂറനാട് പോലീസ് എത്തി മരം മുറിക്കുന്നത് നിര്‍ത്തിവയ്പിച്ചു. ശിഖരങ്ങള്‍ മുറിച്ചുമാറ്റിയ മരത്തിന് മുമ്പില്‍ തണല്‍മര സംരക്ഷണത്തിനായി "വൃക്ഷപൂജ' നടത്തിയാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് പ്രതിഷേധിച്ചത്. സോഷ്യല്‍ ഫോറസ്ട്രിയും സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബുകളും വഴിയോരത്ത് തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുമ്പോഴാണ് മരങ്ങള്‍ വെട്ടിനീക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീക്കം നടന്നതെന്ന് സീഡ് ക്ലബ്ബ് ചൂണ്ടിക്കാട്ടി.മരങ്ങള്‍ നശിപ്പിച്ചാല്‍ ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് വിപത്ത് ഉണ്ടാകുമെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു സമരം. വൃക്ഷപൂജ നടത്തിയ ശേഷം ക്രൂരത കാട്ടിയവര്‍ക്കുവേണ്ടി മാപ്പ് ചോദിച്ചു.മരം നശിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സീഡ് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് നിവേദനം അയച്ചു.പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. മുജീബ് റഹ്മാന്‍, അഡ്വ. കെ. സണ്ണിക്കുട്ടി, പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, അധ്യാപകന്‍ റാഫി രാമനാഥ് എന്നിവര്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.മരം ഒരു വരം, ഒരു മരം പത്തുപുത്രന് സമം, വൃക്ഷങ്ങള്‍ സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും മരത്തിന്റെ സംരക്ഷണം സൂചിപ്പിക്കുന്ന "സീഡ്' പോസ്റ്ററുകളും പിടിച്ചായിരുന്നു ചുനക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ സമരം. ചുനക്കര ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. സുമാദേവി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അന്നമ്മ ജോര്‍ജ് വൃക്ഷസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍, ഹെഡ്മിസ്ട്രസ് കെ. ഷീലാമണി, അധ്യാപകരായ മഞ്ജു, ശ്രീകുമാര്‍, റെജു, അജ്മല്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജെ. ജഫീഷ്, വിദ്യാര്‍ഥികളായ കൃഷ്ണകുമാര്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.