ആലപ്പുഴ: മരങ്ങളെ രക്ഷിക്കാനായി ആയിരക്കണക്കിന് കുരുന്നുകള്‍ നിരത്തിലിറങ്ങി. കനാല്‍ക്കരയിലെ മരങ്ങളെ പുണര്‍ന്നും ചുംബിച്ചും പുതിയ മരങ്ങള്‍ നട്ടും അവര്‍ മരങ്ങള്‍ വെട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. "ഞങ്ങളുടെ മരം ഞങ്ങളുടെ ജീവന്‍, വെട്ടരുതേ... മരങ്ങള്‍ വെട്ടരുതേ' എന്ന് അവര്‍ കൂട്ടത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.ആലപ്പുഴ കനാല്‍ക്കരയിലുള്ള മരങ്ങള്‍ വെട്ടിക്കളയാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നടത്തിയ ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധത്തിന്റെ ശക്തി തെളിയിച്ചതും കുട്ടികള്‍ തന്നെ. ഭാവിക്കുവേണ്ടി മരങ്ങളെ കാക്കാന്‍ കുരുന്നുകള്‍ രംഗത്തിറിങ്ങിയപ്പോള്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ പിന്നീട് കുട്ടികളുടെ പ്രതിഷേധ വഴിതന്നെ തിരഞ്ഞെടുത്തു. മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളും പ്രതിഷേധ പ്രകടനത്തില്‍പങ്കുചേര്‍ന്നു. സാഹിത്യകാരി സാറാ ജോസഫ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പ്രതിഷേധാത്മകമായി ദീപം തെളിയിച്ചു. സാറാ ജോസഫ് ദേശീയ ചലച്ചിത്ര ബാലനടനുള്ള പുരസ്കാരം നേടിയ മിനോണിന് ദീപം കൈമാറി. താത്കാലിക ലാഭം മാത്രമാണ് ഭരണാധികാരികള്‍ നോക്കുന്നത്. മരത്തില്‍ ചേക്കേറിയ പക്ഷികള്‍ കാഷ്ഠിക്കുന്നതുകൊണ്ട് കനാല്‍ മലിനമാവില്ല. മറിച്ച് മനുഷ്യന്റെ കക്കൂസ് മാലിന്യങ്ങളടക്കം കനാലിലേക്ക് തള്ളുന്നതാണ് തടയേണ്ടത്. കുഞ്ഞുങ്ങളാണ് മരങ്ങള്‍ വെട്ടുന്നതിന് പ്രതിഷേധവുമായി എത്തേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു.ആലപ്പുഴ കനാല്‍ക്കരയിലുള്ള 183 മരങ്ങള്‍ വെട്ടാന്‍ അധികൃതര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടായ്മ. കനാല്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി മരങ്ങള്‍ വെട്ടാന്‍ തീരുമാനിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരടങ്ങുന്ന വിദഗ്ധ സമിതിയെ ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് വനംവകുപ്പിന്റെ അനുമതി തേടുകയും ചെയ്തിരുന്നു. ആലപ്പുഴ കൊമേഴ്‌സ്യല്‍ കനാല്‍, വാടക്കനാല്‍ തീരങ്ങളിലുള്ള മരങ്ങള്‍ വെട്ടിക്കളയാനാണ് അധികാരികളുടെ തീരുമാനം. വനംവകുപ്പ് അനുമതി നല്‍കിയത് മുതല്‍ പരിസ്ഥിതി സ്‌നേഹികള്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് പരിസ്ഥിതി സ്‌നേഹികള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചത്.