കൂത്തുപറമ്പ്: വൈവിധ്യങ്ങളായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ പുത്തന്‍ തലമുറയുടെ കര്‍ഷക പ്രതിനിധികളായ കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് ക്ലബംഗങ്ങള്‍ നൂതനമായ കൃഷിയുമായി രംഗത്ത്. ഇക്കുറി സ്‌കൂള്‍മുറ്റത്ത് ഇലക്കറിത്തോട്ടമാണ് ഒരുക്കുന്നത്.
ഗ്രാമങ്ങളില്‍ സുലഭമായതും പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്തതുമായ 45ഓളം ഇലക്കറിച്ചെടികളാണ് പ്രത്യേകമായി തയ്യാറാക്കിയ ചാക്കുകളില്‍ നട്ടത്. രുചിയൂറുന്ന ആനക്കൊടുത്തൂവ, കരിംകൂവളം, തഴുതാമ, പനിക്കൂര്‍ക്കില, സൗഹദ ചീര എന്നിവയും പോഷക ഗുണമേറിയ മുത്തിള്‍, ചുരളി, കപ്പച്ചീര, അരുണോദയം ചീര തുടങ്ങിയ ഇനങ്ങളും ഇലക്കറിത്തോട്ടത്തിലൊരുക്കിയിട്ടുണ്ട്. സ്‌കൂള്‍മുറ്റത്ത് ഒരുക്കിയ ഇലക്കറിത്തോട്ടം വീടുകളിലും തുടങ്ങാന്‍ സീഡ് ക്ലബംഗങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.
ഇലക്കറികളുട തോഴന്‍ എന്നറിയപ്പെടുന്ന സജീവന്‍ കാവുങ്കരയാണ് വിദ്യാര്‍ഥികള്‍ക്ക് കൃഷിരീതി പരിചയപ്പെടുത്തിയത്.
കൃഷിമന്ത്രി കെ.പി.മോഹനന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഇന്‍ ചാര്‍ജ് പി.കെ.പ്രേമലത അധ്യക്ഷയായി. കൃഷി അസി. ഡയറക്ടര്‍ എം.എസ്. ശശി, കൂത്തുപറമ്പ് കൃഷി ഓഫീസര്‍ സുജ കാരാട്ട്, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സ്റ്റാഫ് സെക്രട്ടറി എസ്.ആര്‍.ശ്രീജിത്ത്, സി.വി.സുധീപ്, രാഗേഷ് തില്ലങ്കേരി, സി.പി.ഷീജ, ബിജുള, പി.എം.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.