ചാത്തന്നൂര്‍: വിദ്യാര്‍ത്ഥികളില്‍ പോഷകാഹാരക്കുറവുണ്ടെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഹരിക്കാന്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ രംഗത്ത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സ്വാശ്രയശീലം വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ചാത്തന്നൂര്‍ എസ്.എന്‍.ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പദ്ധതി തയ്യാറാക്കിയത്.
സീഡ് ക്ലബ്ബ് അംഗങ്ങളുടെ ആശയം സ്‌കൂള്‍ അധികൃതരും അംഗീകരിച്ചതോടെ, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ധാരണയിലെത്താനുമായി. ഹൈസ്‌കൂളില്‍ പഠിക്കുന്ന അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കാമെന്ന് കെപ്‌കോ ചെയര്‍മാന്‍ കെ.പത്മകുമാര്‍ സമ്മതിച്ചു. കൂടാതെ മൂന്ന് കിലോ വീതം കോഴിത്തീറ്റയും സൗജന്യമായി നല്‍കാനുള്ള ധാരണയുമായി.
എസ്.എന്‍.ഡി.പി. ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് സ്വാഗതം പറഞ്ഞു.
സീഡ് പ്രവര്‍ത്തകരുടെ ഈ മാതൃക എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ വിദ്യാര്‍ത്ഥികളും ഏറ്റെടുക്കണമെന്ന് ബി.ബി.ഗോപകുമാര്‍ പറഞ്ഞു.
മാതൃകാപരമായ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ മുന്‍പന്തിയിലാണ് എസ്.എന്‍.ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. സീഡ് അവാര്‍ഡ് ജേതാക്കളുമാണ് ഈ സ്‌കൂള്‍.