കൊട്ടാരക്കര: താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയേഴ്സും സംയുക്തമായി 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി ആരംഭിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും വീട്ടില്‍ കൃഷി ചെയ്യുന്നതിനാവശ്യമായ ചീരവിത്ത് ലഭ്യമാക്കുക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം. നെടുവത്തൂര്‍ സ്വാശ്രയവിപണി ലഭ്യമാക്കിയ ചീരവിത്താണ് നടുന്നതിന് ഉപയോഗിച്ചത്. വിത്തുവിതയ്ക്കല്‍ മൈലം കൃഷി ഓഫീസര്‍ അഞ്ജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് തുളസീധരന്‍ പിള്ള, പ്രിന്‍സിപ്പല്‍ കെ.ജി.അശോക്കുമാര്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദീപ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.