മരം മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘനം

Posted By : Seed SPOC, Alappuzha On 28th November 2013


 
 
സ്വന്തം ലേഖിക
 
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘിച്ച്. 1991 ല്‍ രാജ്യം ഒപ്പുവച്ച റാംസര്‍കരാറിനെ അവഗണിച്ചാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ദേശാടനപ്പക്ഷികള്‍, നീര്‍പക്ഷികള്‍, അവയുടെ ആവാസസ്ഥാനങ്ങളായ നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്നതായിരുന്നു കരാര്‍.
2002ല്‍ വേമ്പനാട് തണ്ണീര്‍ത്തട വ്യവസ്ഥയെ റാംസര്‍പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ദേശാടനപ്പക്ഷികളും നീര്‍പക്ഷികളും ധാരാളമായി കണ്ടുവരുന്ന വേമ്പനാട് തണ്ണീര്‍ത്തടവ്യവസ്ഥയില്‍ അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. വര്‍ഷത്തില്‍ വിരുന്നെത്തുന്ന പതിനായിരക്കണക്കിന് ദേശാടനക്കിളികള്‍ കൂടുകൂട്ടുന്നത് മിക്കപ്പോഴും വേമ്പനാട് കായലിന്റെ തന്നെ ഭാഗമായ കനാലുകളുടെ കരയിലുള്ള വൃക്ഷങ്ങളിലാണ്. നിരവധി പക്ഷികളുടെ ആവാസസ്ഥാനമായ വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ അത് റാംസര്‍ കരാര്‍ ലംഘനമാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 
കോട്ടയം നേച്ചര്‍ ക്ലബ്ബ് നടത്തിയ സര്‍വേയില്‍ ഈ വര്‍ഷം 26,196 ദേശാടനപ്പക്ഷികള്‍ വേമ്പനാട്ടും അതുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 30,779 ആയിരുന്നു. പാരിസ്ഥിതിക മലിനീകരണം ഏറുന്നതിനനുസരിച്ച് ദേശാടനക്കിളികളുടെ വരവില്‍ കുറവുസംഭവിച്ചിട്ടുണ്ട്. 
    ഇതിനുപുറമെ അവയുടെ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിച്ചാല്‍ വന്‍ പാരിസ്ഥിതികാഘാതമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. നഗരത്തിലെ കനാലുകളുടെ കരയിലുള്ള 183മരങ്ങള്‍ മുറിയ്ക്കാനാണ് വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. 780 പക്ഷികളുടെ കൂടാണ് ഇതിലൂടെ നഷ്ടമാകുക. വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയുടെ തീരത്തുള്ള മരങ്ങളാണ് വികസനത്തിന്റെ പേരില്‍ മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 
 
 
 
താളംതെറ്റും 
താപനില 
 
 
 
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ആലപ്പുഴ നഗരത്തിലെ താപനില അളവില്‍ക്കൂടുതല്‍ ഉയരാതെ നിലനിര്‍ത്തുന്നത് നഗരത്തിനുള്ളിലെ മരങ്ങളാണ്. കനാല്‍ക്കരയിലും മറ്റ് പൊതുസ്ഥലങ്ങളിലും നില്‍ക്കുന്ന മരങ്ങളിലധികവും വളരെവേഗത്തില്‍ വളരുന്നതും ഇലച്ചാര്‍ത്തുകളേറെയുള്ളതുമാണ്. 
          ഇവ പുറംതള്ളുന്ന പ്രാണവായുവിന്റെ അളവ് കണക്കാക്കാനാവുന്നതിലും അധികമാണ്. ആലപ്പുഴയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ കനാല്‍ക്കരയിലെ മഴമരങ്ങളടക്കമുള്ള ആയിരക്കണക്കിന് മരങ്ങള്‍ക്ക് പങ്കുണ്ടെന്ന് പരിസ്ഥിതി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 
    മഴമരങ്ങളെപ്പോലെ ഇലപൊഴിച്ചില്‍ കുറഞ്ഞ ധാരാളം ഫലംതരുന്ന വൃക്ഷങ്ങള്‍ എന്നും പക്ഷികളുടെ ആശ്രയവുമാണ്. കനാല്‍ക്കരപോലുള്ള പൊതുസ്ഥലങ്ങളിലല്ലാതെ ഇത്തരം ഇലച്ചാര്‍ത്തുകളും വലിപ്പവുമുള്ള മരങ്ങള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുക പ്രായോഗികവുമല്ല. 
ഒരു മരം വെട്ടുമ്പോള്‍ പത്ത് മരങ്ങള്‍ നടുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, വര്‍ഷാവര്‍ഷം രണ്ട് ലക്ഷത്തിലധികം മരങ്ങള്‍ ജില്ലയില്‍ത്തന്നെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് നടുന്നുണ്ട്.
     ഇതില്‍ എണ്‍പത് ശതമാനം മരങ്ങളും നട്ടിടത്തുനിന്ന് പൊങ്ങിയിട്ടില്ല. വൃക്ഷങ്ങള്‍ നടുന്നതല്ലാതെ അതിനെ സംരക്ഷിക്കാനോ പരിപാലിക്കാനോ അധികൃതര്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ ഒരു മരത്തിന് പകരം പത്ത് മരം നടുമെന്ന അധികൃതരുടെ അവകാശവാദം ആശങ്കയുണര്‍ത്തുന്നതാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ വാദിക്കുന്നു. 
 

Print this news