മരം വെട്ടുന്നതിന് പിന്നില്‍ കച്ചവട ലോബിയെന്ന് ആക്ഷേപം

Posted By : Seed SPOC, Alappuzha On 28th November 2013


 

 
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിക്കളയുന്നതിന് പിന്നില്‍ കച്ചവട ലോബിയാണെന്ന ആക്ഷേപം ശക്തമാവുന്നു. കനാല്‍ക്കരയില്‍ കച്ചവടം ചെയ്യുന്നവരുടെ നിരന്തര ആവശ്യത്തിന് വഴങ്ങിയാണ് ജനപ്രതിനിധികളടക്കമുള്ളവര്‍ മരങ്ങള്‍ വെട്ടിക്കളയാന്‍ തീരുമാനമെടുത്തതെന്ന് ഒരുകൂട്ടര്‍ ആരോപിക്കുന്നു. 
  110 മരങ്ങള്‍ അപകടാവസ്ഥയിലായതിനാലാണ് വെട്ടിക്കളയാന്‍ തീരുമാനിച്ചതെന്നാണ് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍, മരങ്ങളുടെ കാലപ്പഴക്കമോ അവയുടെ നിലനില്‍പ്പ് സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങളോ വിശദമായി പഠിക്കാതെയാണ് വിദഗ്ദ്ധസമിതി വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് വിമര്‍ശനമുണ്ട്. 
  രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് സമീപം വഴിയാത്രക്കാരുടെ ശരീരത്ത് കാഷ്ഠിക്കുന്നതിന്റെ പേരില്‍ നാല് തണല്‍മരങ്ങളുടെ കൊമ്പുകള്‍ വെട്ടിയിരുന്നു. അന്ന് അതില്‍ കൂടുകൂട്ടിയിരുന്ന അമ്പതോളം ദേശാടനപ്പക്ഷികളാണ് നിലത്ത് വീണും വണ്ടികയറിയും ചത്തത്. ജനങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് മരംവെട്ടാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നിര്‍ബന്ധിതരായത്. ഈ സംഭവവും കനാലിനെ ചുറ്റിപ്പറ്റി കച്ചവടം നടത്തുന്നവരെ സഹായിക്കാനായി ജനപ്രതിനിധികള്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 
   1984ല്‍ കനാല്‍ക്കരകള്‍ കൈയേറുന്നത് വ്യാപകമായപ്പോഴാണ് സോഷ്യല്‍ ഫോറസ്ട്രിക്കാര്‍ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്. വനമില്ലാത്ത ആലപ്പുഴയില്‍ മരങ്ങളുടെ പച്ചപ്പുണ്ടാക്കുക ലക്ഷ്യമായിരുന്നു. പടര്‍ന്ന് പന്തലിക്കുന്ന, വളരെ എളുപ്പത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിച്ചതോടെ ഈ പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങള്‍ ഏറെക്കുറെ തടയാനായതായി അന്ന് മരം വച്ചു പിടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശിവദാസന്‍ പറഞ്ഞു. പിന്നീട് പലകാരണങ്ങള്‍ പറഞ്ഞ് മരങ്ങള്‍ വെട്ടിക്കളഞ്ഞയിടത്തൊക്കെ കൈയേറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 183 മരങ്ങള്‍ വെട്ടിക്കളയുമ്പോള്‍ ഈ പ്രദേശങ്ങളില്‍ കൈയേറ്റങ്ങള്‍ ഏറാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. 
  വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കാനാല്‍ തീരങ്ങളിലുള്ള മരങ്ങളാണ് വെട്ടാനൊരുങ്ങുന്നത്. ഈ പ്രദേശങ്ങളില്‍ വാണിജ്യപ്രാധാന്യമുള്ള പല മരങ്ങളും ഉണ്ടെന്നിരിക്കെ തടിക്കച്ചവട ലോബിയ്ക്കും മരംവെട്ടാനുള്ള തീരുമാനത്തില്‍ പങ്കുണ്ടെന്ന് ജനപ്രതിനിധികളില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ട്. വലിയ തേക്കുകളും ചന്ദനമരങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.  
പ്രതിഷേധം ശക്തം
 
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധവുമായി രംഗത്തെത്തി. 
  മരം മുറിച്ചുള്ള സൗന്ദര്യവത്കരണം വേണ്ടെന്ന് ഗാന്ധിയന്‍ ദര്‍ശന വേദി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. 
  കനാല്‍ സൗന്ദര്യവത്കരണത്തിന്റെ പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും ഉദ്ദേശിക്കുന്ന ഫലം തരുന്നവയല്ലെന്നും ധൂര്‍ത്തും ധാരാളിത്തവും വഴി പൊതുഖജനാവ് ശൂന്യമാക്കുന്നതാണെന്നും പ്രതിഷേധ യോഗം വിമര്‍ശിച്ചു. ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രദീപ് കൂട്ടാല അധ്യക്ഷനായി. പി.ജെ.കുര്യന്‍, ജോര്‍ജ് തോമസ്, ഇ.ഷാബ്ദ്ദീന്‍, ആന്റണി കരിപ്പാശ്ശേരി, ലൈസമ്മ ബേബി, ജോസഫ് പാട്രിക്, എന്‍.എന്‍.ഗോപിക്കുട്ടന്‍, ജേക്കബ് ജി.എട്ടില്‍, അഡ്വ. റോജോ ജോസഫ്, എത്സമ്മ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. 
  കനാല്‍ക്കരയില്‍ നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള അധികാരികളുടെ തീരുമാനം പിന്‍വലിച്ച് മരങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കാവ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍.ഗോപിക്കുട്ടന്‍ ആവശ്യപ്പെട്ടു. മരംമുറിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
  നൂറിലധികം മരങ്ങള്‍ കനാല്‍ നവീകരണത്തിന്റെ പേരില്‍ മുറിച്ചുനീക്കാനുള്ള നഗരസഭയുടെയും കനാല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും തീരുമാനം പിന്‍വലിക്കണമെന്ന് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
   ദേശാടനക്കിളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പക്ഷികള്‍ ചേക്കേറുന്നതും കൂട് കൂട്ടുന്നതുമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പരിസ്ഥിതി ദ്രോഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.അനില്‍ അധ്യക്ഷനായി. സെക്രട്ടറി ടി.ജി.ചന്ദ്രപ്രകാശ്, പി.പി.സുമനന്‍, പി.എസ്.സോമന്‍, ജോണി, ജോസഫ് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
  കനാല്‍കരയിലെ മരങ്ങള്‍ വകതിരിവില്ലാതെ മുറിച്ച് മാറ്റുന്നതിനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആരോഗ്യ പരിസ്ഥിതിജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയുടെ പ്രസിഡന്റ് പ്രദീപ് ജി.കൂട്ടാലയും സെക്രട്ടറി ദേവന്‍ പി.വണ്ടാനവും ആവശ്യപ്പെട്ടു.
പൊതുതാത്പര്യ 
ഹര്‍ജി നല്‍കി
 
ആലപ്പുഴ: കനാല്‍ത്തീരത്തെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജി നല്‍കി. കായംകുളം എരുവ സ്വദേശി കെ.മോഹനനാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ ഹര്‍ജി നല്‍കിയത്. 
     ജില്ലാ കലക്ടര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍, നഗരസഭാ സെക്രട്ടറി, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി, വനംവകുപ്പ് ജില്ലാ ഓഫീസര്‍, ഇറിഗേഷന്‍ ജില്ലാ ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 
 അഭിഭാഷകനായ ഒ. ഹാരിസ് മുഖേനയാണ് പരാതി നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കും.
 
 
ഒരുവശത്ത് പക്ഷിസംരക്ഷണത്തിനുള്ള 
പദ്ധതി; മറുവശത്ത് മരംവെട്ട് 
 
ആലപ്പുഴ: പക്ഷികളുടെ സംരക്ഷണത്തിനായി ഓരോ ജില്ലയ്ക്കും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കാന്‍ വനംവകുപ്പ് ഒരുങ്ങുന്നു. ഡിസംബര്‍ പകുതിയോടെ ജില്ലകള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കും. ഒരുവശത്ത് പക്ഷിസംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമ്പോഴാണ് ആലപ്പുഴയിലെ കനാല്‍ക്കരയില്‍ ദേശാടനക്കിളികളടക്കം ആയിരക്കണക്കിന് പക്ഷികള്‍ ചേക്കേറുന്ന മരങ്ങള്‍ വെട്ടിക്കളയാന്‍ വനം വകുപ്പ് അനുമതി നല്‍കിയത്.
റസിഡന്റ്‌സ് അസോസിയേഷനുകളുടേയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ പക്ഷികളുടെ സര്‍വ്വേ നടത്തി പക്ഷികള്‍ കൂടുതലായി കൂടുകൂട്ടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി സംരക്ഷിക്കാനാണ് വനം വകുപ്പ് തയ്യാറെടുക്കുന്നത്. എന്നാല്‍ ആലപ്പുഴയില്‍ പക്ഷികള്‍ കൂടുകൂട്ടുന്ന കനാല്‍ തീരത്തെ 183 മരങ്ങള്‍ വെട്ടിക്കളയാനാണ് വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ 780 പക്ഷികള്‍ക്കാണ് കൂടുകള്‍ നഷ്ടപ്പെടുക. 
 
 
കനാല്‍ത്തീരത്തെ 
മരങ്ങള്‍ മുറിയ്ക്കുന്നത് ചെറുക്കും 
- എ.ഐ.വൈ.എഫ് 
 
 
ആലപ്പുഴ : ആലപ്പുഴയിലെ കനാല്‍ത്തീരത്തെ മരങ്ങള്‍ ഒരു മാനദണ്ഡവും ഇല്ലാതെ മുറിയ്ക്കുന്നത് ചെറുക്കുെമന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. വലിയ അപകടഭീഷണിയുള്ള വളരെക്കുറച്ച് മരങ്ങള്‍ മുറിയ്ക്കുന്നതിനു പകരം ഇരുന്നൂറിലധികം മരങ്ങള്‍ മുറിച്ചുമാറ്റാനാണ് നീക്കം. ഇതിന് പിന്നില്‍ വനം മാഫിയയുടെ ഇടപെടലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രകൃതിവിരുദ്ധമായ പ്രവൃത്തികള്‍ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്.എം. ഹുൈസനും സെക്രട്ടറി ടി.ടി. ജിസ്‌മോനും അറിയിച്ചു. 
ജനകീയ കൂട്ടായ്മ ഇന്ന്
 
ആലപ്പുഴ: കനാല്‍ക്കരയിലെ മരം മുറിയ്ക്കുന്നതിനെതിരെ വ്യാഴാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വാടക്കനാലിനിരുവശവും നിന്നാകും പ്രതിഷേധം. കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ രണ്ടുമണിയ്ക്ക് ആലപ്പുഴ വൈ.എം.സി.എ. അങ്കണത്തില്‍ എത്തണമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9400563869. 
 

Print this news