ആലപ്പുഴ: നഗരത്തിലെ കനാല്‍ക്കരയിലെ 183 മരങ്ങള്‍ മുറിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ആലപ്പുഴ കനാല്‍ത്തീരം സൗന്ദര്യവത്കരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പരിഹാരമാര്‍ഗം മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റുകയല്ല എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.
നഗരത്തിന്റെ നാഡീഞരമ്പുകളായ കനാലുകളുടെ നാശത്തിന്റെ കാരണം അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടതും കായലും കടലുമായുള്ള ബന്ധം നഷ്ടപ്പെട്ടതുമാണ്. ഓരുവെള്ളക്കയറ്റം തടഞ്ഞതും അതുമൂലമുണ്ടായ കള - കീട വര്‍ധനയും കനാലുകളെ മലിനമാക്കി. നഗരമാലിന്യം നിക്ഷേപിക്കുന്നതിനുള്ള പ്രധാന ഇടമായും കനാല്‍ മാറി. ഇതിനൊന്നും ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുന്നതിന് അധികാരികള്‍ യഥാസമയം നടപടി സ്വീകരിക്കാതിരുന്നതാണ് ഇന്നത്തെ ദുര്‍ഗതിക്ക് കാരണം.
കനാലുകളുടെ നഷ്ടപ്പെട്ട അടിസ്ഥാന സ്വഭാവം വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കാതെ വലിയ മുതല്‍മുടക്കില്‍ പുറംമോടി ഒരുക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.
കൂട്ടത്തോടെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കം നിര്‍ത്തിവയ്ക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പട്ടണത്തിലെ കനാല്‍ നവീകരണത്തിന്റെ പേരില്‍ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ജലം ചൂഷണം ചെയ്യുന്ന യൂക്കാലിപ്റ്റസ് മരങ്ങളും മാത്രമേ മുറിക്കാന്‍ പാടുള്ളൂവെന്നും മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കു പകരം അത്രയും വൃക്ഷത്തൈകള്‍ അടിയന്തരമായി വച്ചുപിടിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. യോഗത്തില്‍ മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷറഫ് പാലസ് അധ്യക്ഷത വഹിച്ചു. വൈ. ഫൈസല്‍, സി.എസ്. നാസര്‍, അബ്ദുല്‍ ജലീല്‍, സദറുദ്ദീന്‍, നൗഷാദ് പടിപ്പുരയില്‍, സെലീന തുടങ്ങിയവര്‍ സംസാരിച്ചു.
കനാല്‍ സൗന്ദര്യവത്കരണത്തിന്റെ പേരില്‍ 183 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നഗരസഭയുടെയും വനംവകുപ്പിന്റെയും നീക്കം വിവേകശൂന്യമാണെന്ന് ഗോള്‍ഡന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യവും പ്രതാപവും അല്പമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ മരങ്ങളെയും പക്ഷികളെയും കനാലുകളെയും കായലുകളെയും സംരക്ഷിക്കേണ്ടതുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റിയാലേ സൗന്ദര്യമുണ്ടാകൂ എന്ന ഉട്ടോപ്യന്‍ ചിന്തകള്‍ക്കെതിരെ ആലപ്പുഴയുടെ സാമൂഹ്യ മനഃസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.
അരുതേ...
മരം മുറിക്കരുതേ...
ആലപ്പുഴ: കട്ടിയുള്ള കടലാസില്‍ കുരുന്നുകള്‍ പേനകൊണ്ട് ഇങ്ങനെ കുറിച്ചു. "മരം മുറിക്കരുതേ... മരമില്ലെങ്കില്‍ ഈ ഭൂമിയില്‍ ജീവന്റെ തുടിപ്പുണ്ടാവില്ല. വനം വകുപ്പ് ഈ ക്രൂരകൃത്യത്തില്‍നിന്ന് പിന്മാറൂ.' മരത്തിന്റെ ഗുണഗണങ്ങള്‍ എഴുതിയ കടലാസ് കൈയില്‍ പിടിച്ച് ചൊവ്വാഴ്ച അവര്‍ തെരുവിലിറങ്ങി. അങ്ങനെ, ആലപ്പുഴ നഗരം മുഴുവനും കുട്ടികളിലൂടെ മരത്തിന്റെ മേന്മയറിഞ്ഞു. മരം മുറിക്കാന്‍ തയ്യാറാവുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കുട്ടികളുടെ മടക്കം.
ആലപ്പുഴ എസ്.ഡി.വി. ബോയ്‌സ് സ്കൂളിലെ മാതൃഭുമി സീഡ് വിദ്യാര്‍ഥികളാണ് നഗരത്തിലെ കനാല്‍ക്കരയിലുള്ള 183 മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. സ്കൂളില്‍നിന്ന് ആരംഭിച്ച റാലി വാടക്കനാലിലെ ഇരുകരകളിലെയും മരങ്ങളെ വലംവച്ചായിരുന്നു. മരം ഒരുവരം, നഗരവീഥികളെ ഹരിതാഭമാക്കുന്ന ഞങ്ങളെ ഉപദ്രവിക്കരുത് തുടങ്ങിയ വാക്യങ്ങളെഴുതിയ കടലാസുകള്‍ മരങ്ങള്‍ക്കു സമീപം അവര്‍ തൂക്കിയിട്ടു. അത് കണ്ടെങ്കിലും കോടാലിയുമായി വരുന്നവര്‍ തിരിച്ചുപോകുമെന്ന പ്രതീക്ഷയിലായിരുന്നു കുരുന്നുകള്‍.
കല്ലേലി രാഘവന്‍ പിള്ള പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. ജീവന്റെ നിലനില്പുതന്നെ മരങ്ങളാണ്. അത് എന്താവശ്യത്തിനായാലും മുറിച്ചുകൂടാ. പാലക്കാട് ജില്ല വേനലില്‍ കരിയുമ്പോള്‍ ആലപ്പുഴയ്ക്ക് ആശ്വാസം തരുന്നത് ഈ മരങ്ങളാണ്. മരം മുറിക്കാനുള്ള തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂള്‍ പ്രഥമാധ്യാപിക സി.എം. ഈശ്വരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി. സ്‌നേഹശ്രീ, അധ്യാപികമാരായ ബീനാബായ്, വത്സലകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
മുറിക്കാന്‍ നിര്‍ദ്ദേശിച്ച 110 മരങ്ങള്‍
അപകടസാധ്യതയുള്ളത്-ഡി.ടി.പി.സി.
ആലപ്പുഴ: കനാല്‍ത്തീരങ്ങളില്‍നിന്ന് മുറിച്ചുനീക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മരങ്ങളില്‍ 110 എണ്ണം അപകടസാധ്യതയുള്ളവയാണെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇവ മുറിച്ചുനീക്കണമെന്ന് വിവിധ സ്ഥാപനങ്ങളും വ്യക്തികളും അപേക്ഷിച്ചിട്ടുള്ളവയാണ്. നീക്കം ചെയ്യുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 183 മരങ്ങളില്‍ 21 വൃക്ഷങ്ങള്‍ ഉണങ്ങിയവയും 12 എണ്ണം വീണുകിടക്കുന്നവയുമാണ് . 40 മരങ്ങളുടെ ചില്ലകള്‍ ഒതുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ബാക്കിയുള്ള 110 മരങ്ങളാണ് അപകട സാധ്യതയുള്ളതെന്ന് ഡി.ടി.പി.,സി. സെക്രട്ടറി അറിയിച്ചു.
കനാല്‍യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്നതായ വൃക്ഷങ്ങള്‍ നീക്കം ചെയ്യുകയും വലിയ ശാഖകള്‍ വളര്‍ന്ന് കടകള്‍ക്കും വീടുകള്‍ക്കും അപകടമായി നില്‍ക്കുന്നവയുടെ ചില്ലകള്‍ ഒതുക്കുകയും മാത്രമാണ് ചെയ്യുന്നത്. കുറയുന്ന വൃക്ഷങ്ങള്‍ക്കു പകരമായി ഒന്നിനുപത്ത് എന്ന ക്രമത്തില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുക എന്ന പ്രവൃത്തിയാണ് കനാല്‍ക്കരകളില്‍ മെഗാടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ കനാല്‍ക്കരയിലെ മരങ്ങളെല്ലാം മുറിച്ചുനീക്കുകയോ പച്ചപ്പ് ഇല്ലാതാക്കുകയോ ചെയ്യുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല. പകരം കൂടുതല്‍ ഹരിതശോഭയോടെയും സൗന്ദര്യത്തോടെയും കനാല്‍ത്തീരങ്ങള്‍ കാത്തുസൂക്ഷിക്കുകയും ആയിരത്തിലധികം വരുന്ന മരങ്ങള്‍ പൈതൃകമരങ്ങളായി സംരക്ഷിക്കുകയുമാണ് സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യമെന്നും സെക്രട്ടറി അറിയിച്ചു.
കനാല്‍ തീരങ്ങളിലെ മരങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്
- ജി. സുധാകരന്‍
ആലപ്പുഴ: കനാല്‍ തീരങ്ങളിലെ മരങ്ങള്‍ ആവശ്യമില്ലാത്തത് മുറിക്കുകയോ മുറിക്കാതെയിരിക്കുകയോ ചെയ്യുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ.പറഞ്ഞു. സംരക്ഷിക്കേണ്ട എല്ലാ മരങ്ങളും സംരക്ഷിക്കുന്നതിന് തന്റെ പിന്തുണയുണ്ടാകുമെന്നും ആലപ്പുഴയിലെ ജനങ്ങളുടെ അഭിപ്രായം എന്താണോ അത് അനുസരിച്ച് ചെയ്താല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ ഡി.സി.സി. നടത്തുന്ന പ്രസ്താവന പ്രതിഷേധകരമാണ്. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍വച്ചാണ് പ്രവൃത്തികള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചെയ്യാനും നിശ്ചിത എണ്ണം മരം മുറിക്കാനും തീരുമാനിച്ചത്. ഒന്നരമാസം മുമ്പ് നടന്ന ഈ യോഗത്തിലേക്ക് തന്നെ വിളിച്ചിരുന്നില്ല. എന്നിട്ടും ജില്ലാ ഭരണകൂടം തന്റെ നിയന്ത്രണത്തിലാണെന്നും താന്‍ പറഞ്ഞിട്ടാണ് ജില്ലാ ഭരണകൂടം മരം മുറിക്കുന്നതെന്നും ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് സുധാകരന്‍ പറഞ്ഞു.
നിസ്വാര്‍ഥമായി, വാണിജ്യകനാല്‍ ശുചീകരണത്തിന് സര്‍ക്കാര്‍ഫണ്ട് വാങ്ങാതെ ജനകീയ ഫണ്ട് ഉപയോഗിച്ച് നേതൃത്വം നല്‍കിയ തന്നെയും തരംകിട്ടുമ്പോള്‍ കുടുംബത്തെയും ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. മരങ്ങള്‍ മുറിക്കുന്നതിന്റെ പേരില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. ശാസ്ത്രസാഹിത്യ പരിഷത്തും പരിസ്ഥിതി സംഘടനകളും വിദ്യാര്‍ഥികളും നിക്ഷിപ്ത താത്പര്യക്കാരുടെ കൈയില്‍ കളിക്കാന്‍ ഇടയാകരുതെന്നും സുധാകരന്‍ പറഞ്ഞു.
പ്രമുഖര്‍ പ്രതികരിക്കുന്നു
സി.ആര്‍. നീലകണ്ഠന്‍
(പരിസ്ഥിതി പ്രവര്‍ത്തകന്‍)
ആലപ്പുഴ പോലെ ജനസാന്ദ്രതയേറിയ, വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലത്ത് ഇത്രയും മരങ്ങള്‍ നില്‍ക്കുന്നത് വലിയകാര്യമാണ്. അവ വെട്ടിക്കളയാന്‍ തീരുമാനിച്ചതോടെ ആലപ്പുഴക്കാരുടെ പാരിസ്ഥിതിക സൗഹൃദ കാഴ്ചപ്പാടുകള്‍ക്ക് ഇടിവ് സംഭവിച്ചു.
ഇത്രയും മരങ്ങള്‍ കൂട്ടത്തോടെ വെട്ടുന്നത് ആ പ്രദേശത്ത് കിട്ടിക്കൊണ്ടിരിക്കുന്ന ഓക്‌സിജന്റെ അളവില്‍ ഗണ്യമായ കുറവു വരുത്തും. സഞ്ചാരികളെ സംബന്ധിച്ചും ഇത് വലിയ പ്രശ്‌നമാകും. ആഗോളതാപനത്തിന്റെ വിഷയങ്ങള്‍ പ്രചരിപ്പിച്ച് ലോകത്തെങ്ങും തണല്‍മരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെയുള്ളത് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ഇത് ആരും ചെയ്യാത്ത കാര്യമാണ്. ഇതിനു പിന്നില്‍ എന്തു വികസനമെന്നു പറഞ്ഞാലും ന്യായീകരിക്കാനാവില്ല. തണല്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. മരങ്ങള്‍ വെട്ടിക്കളയുന്നത് ആലപ്പുഴയുടെ വിനാശത്തിന് വഴിവയ്ക്കും.
പ്രിയ എ.എസ്.
(കഥാകൃത്ത്)
വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുമ്പോള്‍ ആലപ്പുഴയില്‍ മരം വെട്ടാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണ്. കടപുഴകാന്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതില്‍ തെറ്റില്ല. പക്ഷേ, കടപുഴകല്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. കടപുഴകാന്‍ നില്‍ക്കുന്ന മരത്തിനു പകരം മറ്റൊരു മരം നട്ട് വലുതാക്കിയിട്ടുവേണം വെട്ടാന്‍. പക്ഷേ, ഇത് ഇവിടെ ചെയ്യുന്നില്ല.