കനാല്‍ത്തീരത്തെ മരം മുറിക്കാന്‍ അനുമതി പ്രതിഷേധം ശക്തം

Posted By : Seed SPOC, Alappuzha On 28th November 2013


 
 
ആലപ്പുഴ: ആലപ്പുഴയിലെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയും വനംവകുപ്പും കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചുകളയാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധമുയരുന്നു. വികസനത്തിനുവേണ്ടി കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടാന്‍ അനുമതി നല്‍കണമെന്നാണ് ആലപ്പുഴ നഗരസഭയും കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും വനംവകുപ്പിനോട് ആവശ്യപ്പെട്ടത്. ഏതെല്ലാം മരം വെട്ടണം എന്ന് പഠിച്ച് കണക്കെടുക്കാന്‍ നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച കണക്കനുസരിച്ചുള്ള 183 മരങ്ങളും വെട്ടിക്കളയാന്‍ വനംവകുപ്പ് അനുമതി നല്‍കി. അധികാരികള്‍ മരം മുറിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോയിട്ടില്ല. ടെന്‍ഡര്‍ നടപടി സ്വീകരിച്ച് മരം മുറിക്കാനാണ് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി നീക്കം. 
ഇതിനെതിരെ സാമൂഹിക സാംസ്കാരിക
പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു:-
സാറാ ജോസഫ് 
 
വലിയ ബുദ്ധിശൂന്യന്‍മാര്‍ക്ക് മാത്രമേ മരങ്ങള്‍ വെട്ടിക്കളയാനുള്ള തീരുമാനമെടുക്കാനാകൂ. പുറം ജില്ലക്കാര്‍ക്ക് ആലപ്പുഴയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ വരിക കനാലുകളും പാലവും കനാലിന് ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങളുമാണ്. ആ മരങ്ങളുടെ തണലും പച്ചപ്പുമില്ലാതെ ഒരു സൗന്ദര്യവും ആലപ്പുഴയ്ക്കില്ല. തണലും സൗന്ദര്യവും നല്‍കുന്ന മരങ്ങളെ വെട്ടിക്കളയാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് സംസ്കാരമോ തലമുറകളോട് സ്‌നേഹമോ ഇല്ല. മരങ്ങളെ ഇല്ലാതാക്കി കനാല്‍ക്കരകള്‍ വെളിമ്പറമ്പാക്കിയിട്ട് എന്താണ് പ്രയോജനമുള്ളത്? അടുത്ത തലമുറയിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നട്ട മരമാണ്. 183 മരങ്ങളെ രക്ഷിക്കാന്‍ കുട്ടികള്‍ രംഗത്തിറങ്ങണം. 
കെ.ജി.ജഗദീശന്‍ 
(കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി)
 
കുളിര്‍മയും ശാന്തിയും നല്‍കുന്ന ആലപ്പുഴ നഗരത്തിലെ മരങ്ങളല്ല വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. സൗന്ദര്യവത്കരിക്കുന്നതിന്റെ പേരില്‍ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന തീരുമാനമെടുത്തതിന് പിന്നില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഉണ്ടെന്നറിയുന്നത് ഖേദകരമാണ്. വികസനമെന്നുപറഞ്ഞ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാത്രം തീരുമാനിച്ചാല്‍ പോരാ. മറിച്ച് ശാസ്ത്രീയമായ അഭിപ്രായം വിദഗ്ധരോട് തേടണം. തങ്ങള്‍ക്കിഷ്ടമുള്ള അഭിപ്രായം എഴുതിപ്പിടിപ്പിക്കുന്നവരെ വിദഗ്ധര്‍ എന്ന് വിളിക്കുന്നതിലും അര്‍ത്ഥമില്ല. വൃക്ഷങ്ങള്‍ ഉണങ്ങിയോ അല്ലാതെയോ മറിഞ്ഞ് വീഴുമ്പോള്‍ തക്കനടപടി എടുക്കുന്നതിനു പകരം മരങ്ങള്‍ വെട്ടിക്കളയുന്നതിന് തീരുമാനിക്കുന്നത് ശരിയല്ല. യഥാര്‍ത്ഥത്തില്‍ കനാലുകളെ നശിപ്പിക്കുന്ന സമൂഹവിരുദ്ധരായ മനുഷ്യരെയാണ് വികസനവിരോധികള്‍ എന്ന് വിളിക്കേണ്ടത്. ഇടത്തോടുകളിലും മണ്ണിലും വീഴുന്ന പക്ഷിക്കാഷ്ഠം വളമായിത്തീരും. എന്നാല്‍, മാലിന്യങ്ങള്‍ മുഴുവന്‍ കനാലില്‍ തള്ളുന്ന മനുഷ്യരാണ് യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍. കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ കനാലിലേക്കൊഴുക്കുന്നത് തടയാന്‍ കഴിയാത്തവരാണ് മരത്തിന്റെ ഇല വീണ് കനാല്‍ മലിനമാകുന്നെന്ന് പറയുന്നത്. മനുഷ്യനെ നിലനിര്‍ത്തുന്നതിനുവേണ്ടി പരിശ്രമിക്കുന്ന മരങ്ങളെ നിലനിര്‍ത്തണം.
വിദ്യാധരന്‍
(പരിസ്ഥിതി പ്രവര്‍ത്തകന്‍)
 
ശുദ്ധജലവും വായുവും ഭൂമിയില്‍ കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്നു. വൃക്ഷത്തില്‍നിന്ന് ഒരു ഇല ഒടിച്ചാല്‍ ഭൂമിയിലെ ആയുസ്സിന്റെ തുടിപ്പിനെ അത്രയും ഇല്ലാതാക്കും. 13.5 കിലോ പ്രാണവായു ഒരു മനുഷ്യന് ഒരുദിവസം ശ്വസിക്കാന്‍ വേണം. വൃക്ഷങ്ങളോട് ക്രൂരത കാണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ഒരു വൃക്ഷവും പാഴ്മരമല്ല. ഓരോ വൃക്ഷത്തിനും ഓരോ കര്‍മമുണ്ട്. വൃക്ഷങ്ങളെ നാം സംരക്ഷിക്കണമെന്നില്ല. മറിച്ച് നമ്മെ സംരക്ഷിക്കാന്‍ അവയെ അനുവദിച്ചാല്‍ മതി. കനാലുകള്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഒരു കറവപ്പശുവാണ്. കനാല്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കനാലിന് ഇരുകരകളിലും കിടന്നിരുന്ന മണ്ണെടുത്ത് മാറ്റിയതോടെയാണ് മരങ്ങള്‍ കനാലിലേക്ക് ചായാന്‍ തുടങ്ങിയത്. ഒരു പച്ചില ചെയ്യുന്ന സേവനം ഒരു സ്ഥാപനവും ചെയ്യുന്നില്ല.  
 
 
 
 
 
 
കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു
 
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു. തണല്‍മരങ്ങള്‍ മുറിച്ചുനീക്കാന്‍ അമ്പലപ്പുഴ എം.എല്‍.എ. ജി.സുധാകരനും പട്ടണത്തിലെ ജൈവ പരിപാലന സമിതി ചെയര്‍പേഴ്‌സണ്‍ ആയ നഗരസഭ അധ്യക്ഷ മേഴ്‌സി ഡയാന മാസിഡോയും ചേര്‍ന്ന് ജൈവ പരിപാലന സമിതിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ജില്ലാ ഭരണകൂടത്തെക്കൊണ്ട് തീരുമാനം എടുപ്പിക്കുകയായിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 
    നഗരത്തിന്റെ പാരിസ്ഥിതിക-ജൈവ സമ്പത്തായ കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള വനം വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗ്രീന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. 
    വൃക്ഷങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ തടിക്കച്ചവട ലോബികളാണെന്ന് സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുരയും സെക്രട്ടറി ടി.എം.സന്തോഷും ആരോപിച്ചു. 
 കനാല്‍ക്കരയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അധികാരികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബിപാറക്കാടന്‍ ആവശ്യപ്പെട്ടു. ലോകം പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആലപ്പുഴയുടെ കനാല്‍ത്തീരത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.  
 
 
 
 
 
പ്രതിഷേധവുമായി
സീഡ് വിദ്യാര്‍ഥികളും
 
 
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ലിയോ തേര്‍ട്ടീന്ത് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കനാല്‍ക്കരയിലെ മരങ്ങളില്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചു. 
      കണ്ണന്‍വര്‍ക്കി പാലത്തിന് സമീപമുള്ള മരങ്ങളെ ചുറ്റിപ്പിടിച്ച് നിന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സ്കൂളിലെ അധ്യാപകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 
     മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ലജ്‌നത്ത് സ്കൂളിലെ സീഡ് ക്ലബ് ക്ലാസ്സ് സംഘടിപ്പിച്ചു. 
      സ്‌നേഹക്കൂട്ടം ആരോഗ്യക്കൂട്ടായ്മ അംഗം എം.കെ.സജീവന്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ എസ്.സലീന, ഹെഡ്മാസ്റ്റര്‍ ടി.അഷറഫ് കുഞ്ഞാശാന്‍, പി.ടി.എ. പ്രസിഡന്റ് എം.കെ.നവാസ്, എന്‍.എസ്.എസ്, കോ ഓര്‍ഡിനേറ്റര്‍ എം.എ.സിദ്ദിഖ്, സീഡ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.സീന, സീഡ് റിപ്പോര്‍ട്ടര്‍ എസ്.
ഷഹന എന്നിവര്‍ പ്രസം
ഗിച്ചു.  
 
 
 
തണല്‍മരങ്ങള്‍
മുറിച്ചുമാറ്റരുത് 
- സോളിഡാരിറ്റി
 
ആലപ്പുഴ: യൂക്കാലിപ്റ്റസ് ഒഴികെയുള്ള തണല്‍മരങ്ങള്‍ കനാല്‍തീരത്തുനിന്ന് മുറിച്ചുമാറ്റരുതെന്ന് സോളിഡാരിറ്റി ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ ഇത്തരം പ്രതിലോമ തീരുമാനങ്ങളെടുക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പ്രസിഡന്റ് എ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. 
 

Print this news