സ്വന്തം ലേഖിക
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ അനുവാദം കൂടാതെ. മരം വെട്ടാന്‍ അനുമതി നല്‍കണമെന്ന നഗരസഭയുടെയും കനാല്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ആവശ്യത്തിന് വനം വകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതത് തദ്ദേശ സ്ഥാപനങ്ങളിലുള്ള ജൈവവൈവിധ്യ പരിപാലന സമിതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ മരം മുറിയ്ക്കാന്‍ കഴിയൂ. ഇതോടെ മരം മുറിയ്ക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ നിയമപരമായ തടസ്സമുണ്ടാവുമെന്ന് വിദഗ്ധര്‍ പറയുന്നു.
മരം മുറിയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്തിമ തീരുമാനം എടുക്കേണ്ടത് ജൈവവൈവിധ്യ പരിപാലന സമിതിയാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ജൈവ പരിപാലന സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയുടെ അധ്യക്ഷയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. നഗരസഭാ സെക്രട്ടറിയും മറ്റ് ആറ് അംഗങ്ങളുംകൂടി ഉള്‍പ്പെടുന്നതാണ് സമിതി. പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പാരിസ്ഥിതിക കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ളവരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്നതാണ് സമിതി. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ഒരു മരം വെട്ടണമെങ്കിലും ഈ സമിതിയുടെ അനുവാദം വാങ്ങേണ്ടത് ആവശ്യമാണ്. സമിതിയുടെ തീരുമാനമാണ് ആധികാരിക തീരുമാനമായി കണക്കാക്കപ്പെടുക.
എന്നാല്‍, ആലപ്പുഴ നഗരത്തിലെ കനാലുകളുടെ കരയിലുള്ള 181 മരങ്ങള്‍ മുറിച്ചുകളയാനുള്ള നീക്കം സമിതിയുടെ അറിവോടെയല്ലെന്ന് അംഗങ്ങള്‍ പറയുന്നു. സമിതിയുടെ പരിഗണനയില്‍ ഈ വിഷയം വരികയോ ഇക്കാര്യം ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടില്ല. നഗരസഭയുടെ തീരുമാനമായാലും അതിനെ ചോദ്യംചെയ്യാന്‍ ജൈവവൈവിധ്യ പരിപാലന സമിതിക്ക് അധികാരമുണ്ട്. സമിതിയുടെ മുന്നിലെത്തുന്ന വിഷയം ചര്‍ച്ചയ്ക്കുശേഷം ജൈവവൈവിധ്യ ബോര്‍ഡിന് കൈമാറും. ജൈവവൈവിധ്യ ബോര്‍ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് പരിസ്ഥിതി വകുപ്പിന് കൈമാറി അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. തര്‍ക്കം നിലനില്‍ക്കുന്ന വിഷയമാണെങ്കില്‍ പരിസ്ഥിതി വകുപ്പ് ഗ്രീന്‍ ട്രിബ്യൂണലിന് കൈമാറും. എന്നാല്‍, ഈ ചട്ടങ്ങളൊന്നും മരങ്ങള്‍ മുറിയ്ക്കാനുള്ള തീരുമാനത്തില്‍ പാലിക്കപ്പെട്ടില്ല. അതിനാല്‍ ആരെങ്കിലും മരം മുറിയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനത്തെ ചോദ്യംചെയ്താല്‍ പരിസ്ഥിതി വകുപ്പിന് സ്വമേധയാ കേസെടുക്കാനും നടപടി നിര്‍ത്തിവയ്പിക്കാനുമാകും.
ജൈവവൈവിധ്യ പരിപാലന സമിതിയുടെ അറിവോ അനുവാദമോ ഇല്ലാതെയെടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. കെ.സോമശേഖരന്‍ പറഞ്ഞു.
ശ്മശാനമരങ്ങളല്ല, ഔഷധമരമെന്ന് വിദഗ്ധര്‍
ശ്മശാനമരങ്ങളെന്നും ഉറക്കംതൂങ്ങി മരങ്ങളെന്നും മഴമരങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി പാരിസ്ഥിതിക വിദഗ്ധര്‍ നല്‍കുന്നു. ശ്മശാനമരങ്ങളെന്ന് ആലപ്പുഴയിലെ ചിലര്‍ വിളിക്കുന്ന ഇവ പല രാജ്യങ്ങളിലും ഔഷധമരങ്ങളാണ്.
ഫിലിപ്പൈന്‍സ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ പല രോഗങ്ങള്‍ക്കുമുള്ള മരുന്നായും മഴമരങ്ങളുടെ പലഭാഗങ്ങളും ഉപയോഗപ്പെടുത്തുന്നതായും പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. മഴമരങ്ങളുടെ കാതലും തളിരിലകളും ചേര്‍ന്ന രസായനം വയറിളക്കം മുതല്‍ ജലദോഷവും തലവേദനയും പകര്‍ച്ചപ്പനികളും വരെ അകറ്റാനുള്ള ഔഷധമായി ഫിലിപ്പൈന്‍സുകാര്‍ ഉപയോഗിക്കുന്നതായി പഠനങ്ങളില്‍ തെളിയുന്നു. വെനസ്വേലക്കാര്‍ വയറ്റിലെ കാന്‍സറിനുള്ള ഔഷധമായി ഇതിനെ കാണുന്നു. മരത്തിന്റെ പുറംതൊലി മലബന്ധത്തിനുള്ള മരുന്നായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തൊണ്ടവേദനയ്ക്ക് ഇവയുടെ ഫലങ്ങള്‍ അത്യുത്തമമാണെന്നും പഠനങ്ങള്‍ പറയുന്നു.