മരം വേണമെന്ന് ലാറി ബേക്കര്‍; മുറിയ്ക്കാന്‍ അധികാരികള്‍

Posted By : Seed SPOC, Alappuzha On 28th November 2013


 

 
 
കെ.ആര്‍. ധന്യ
 
ആലപ്പുഴ: "ട്രീസ് ഡെഫിനിറ്റ്‌ലി എ ടൂറിസ്റ്റ് മസ്റ്റ് (വൃക്ഷങ്ങള്‍ തീര്‍ച്ചയായും ടൂറിസത്തിന് ഒരു അവശ്യ ഘടകം തന്നെ)'- ഇത് ലാറി ബേക്കര്‍ 1991ല്‍ നഗരസഭയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നുണ്ട്. പക്ഷേ, ഇന്ന് ഇതേ ടൂറിസം മേഖലയിലെ വികസനത്തിനെന്നപേരില്‍ മരങ്ങള്‍ മുറിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് അധികാരികള്‍. ആലപ്പുഴയുടെ വരദാനമാണ് ഇവിടത്തെ മരങ്ങളെന്ന് പറയുന്ന ലാറി ബേക്കര്‍ ഇവയെ വികസനത്തിന്റെ പേരില്‍ വെട്ടിക്കളയരുതെന്നും എടുത്തുപറയുന്നു. അന്ന് നിലവിലുണ്ടായിരുന്ന ആലപ്പി ഡവലപ്‌മെന്റ് അതോറിറ്റിയ്ക്കു വേണ്ടി ലാറി ബേക്കര്‍ ആലപ്പുഴയുടെ വികസന സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീടത് അവഗണിക്കപ്പെട്ടു. 
ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരയില്‍ നില്‍ക്കുന്ന 183 മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രസക്തി. ചാഞ്ഞുകിടക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതുമായ മരങ്ങളാണ് വെട്ടിക്കളയാന്‍ അധികാരികള്‍ തയ്യാറെടുക്കുന്നത്. ഇതില്‍ കാറ്റാടി, യൂക്കാലി, തേക്ക്, അക്വേഷ്യ,ബദാം, മഴമരം എന്നിവയുള്‍പ്പെടുന്നു. കനാല്‍ക്കരയില്‍ യോഗ്യമല്ലാത്തതും കനാലിനെ മലിനമാക്കുന്നതുമായ മരങ്ങള്‍ ആവശ്യമില്ലെന്ന അധികാരികളുടെ തീരുമാനമാണ് ഇതിനു പിന്നിലെന്ന് പരക്കെ ആക്ഷേപമുണ്ട്. 
എന്നാല്‍, വെട്ടിക്കളയാന്‍ അധികാരികള്‍ തീരുമാനിച്ച മഴമരങ്ങളാണ് ആലപ്പുഴയുടെ ആകര്‍ഷണമെന്ന് ലാറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കനാല്‍ക്കരയില്‍ ധാരാളമായി കാണുന്ന മഴമരങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. 
മഴമരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരങ്ങളും ആലപ്പുഴ നഗരത്തിന് ഒരു വലിയ മുതല്‍ക്കൂട്ടാണ്.
            സൗന്ദര്യത്തിനൊപ്പം തണലും നല്‍കുന്ന ഇവയോട് സഞ്ചാരികള്‍ക്കും ഏറെ പ്രിയമാണ്. ഈ മരങ്ങള്‍ ജാഗ്രതയോടെ സംരക്ഷിക്കേണ്ടത് ആലപ്പുഴക്കാരുടെ ചുമതലയാണ്. 
     സര്‍ക്കാറും വനംവകുപ്പും ചേര്‍ന്ന് ഇവയ്ക്ക് ശാസ്ത്രീയ സംരക്ഷണം നല്‍കണം. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ വെട്ടിനശിപ്പിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇതിന്റെ സംരക്ഷണത്തിനായി വനംവകുപ്പ് മുന്‍കൈയെടുക്കണമെന്നും ലാറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരങ്ങള്‍ ആലപ്പുഴയുടെ പൈതൃകമാണെന്ന ബോധ്യമുണ്ടാവണമെന്നും ലാറി ബേക്കര്‍ പറയുന്നു. 
1988 ലാണ് ആലപ്പി ഡവലപ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചത്. 1991ല്‍ അതോറിറ്റിയ്ക്കു വേണ്ടി വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ലാറി ബേക്കറിനെ ചുമതലപ്പെടുത്തി.
             36 ദിവസം ആലപ്പുഴ മുഴുവന്‍ നടന്നു കണ്ടാണ് ലാറി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഒപ്പം നടന്ന ആലപ്പി ഡവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന പി.വി. ഷാജിലാല്‍ പറയുന്നു. 
രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയും വൈകിട്ട് നാലുമണി മുതല്‍ 6.30 വരെയും നടത്തിയ യാത്രകളില്‍ കണ്ടതെല്ലാം ലാറി സ്‌കെച്ച് ചെയ്ത് റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 
     റിപ്പോര്‍ട്ട് പിന്നീട് ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും നഗരാസൂത്രണവകുപ്പിനും കൈമാറിയെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല. 
 

Print this news