കോട്ടയ്ക്കല്‍: ജലദൗര്‍ലഭ്യമുള്ള പ്രദേശത്ത് മികച്ച പരിപാലനത്തിലൂടെ വൃക്ഷങ്ങള്‍ വളര്‍ത്തിയാണ് ജി.എം.യു.പി. സ്‌കൂള്‍ മുണ്ടമ്പ്ര സീഡ് പുരസ്‌കാരം നേടിയത്. വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ മൂന്നാം സ്ഥാനമാണ് സ്‌കൂളിന്.
സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശം വെട്ടുകല്ലുകള്‍ നിറഞ്ഞതാണ്. ഇവിടം കൃഷിയോഗ്യവുമല്ല. എങ്കിലും സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും ശ്രമഫലമായി എല്ലാതരത്തിലുള്ള ചെടികളും ഇന്ന് ഇവിടെ തഴച്ചുവളരുന്നു.
സ്‌കൂളില്‍ ഒരു ജൈവ നിത്യഹരിത പന്തല്‍ നിര്‍മാണം ആരംഭിച്ചു. ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, പരിസ്ഥിതി മലിനീകരണം, എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തി. കുട്ടികള്‍ക്കിടയില്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്യുകയും രാസകീടനാശിനി പ്രയോഗിക്കാത്ത കൃഷിരീതി അവലംബിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
ബഡ്ഡിങ്, ഗ്രാഫ്റ്റിങ് എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഗ്രൗണ്ട് മണ്ണിട്ടുനികത്തി കപ്പക്കൃഷിയും ആരംഭിച്ചു.
സ്‌കൂളിലെ ജൈവമാലിന്യങ്ങളും ഭക്ഷണമാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതിനായി കുഴി നിര്‍മിച്ചു. മഴവെള്ളം സംഭരിക്കാന്‍ മഴവെള്ളസംഭരണി ഉണ്ടാക്കിയതും സ്‌കൂളിലെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്.