പ്ലാസ്റ്റിക്കിനെതിരെ പൊരുതി വെറ്റിലപ്പാറ ജി.യു.പി.എസ്

Posted By : mlpadmin On 25th November 2013


കോട്ടയ്ക്കല്‍:ഭൂമിയുടെ നിലനില്പിനെ ബാധിക്കുന്ന വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്‍മാര്‍ജനംചെയ്താണ് ജി.യു.പി.എസ് വെറ്റിലപ്പാറ സീഡ് പുരസ്‌കാരം സ്വന്തമാക്കിയത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാംസ്ഥാനമാണ് സ്‌കൂള്‍ നേടിയത്. അധ്യാപകരും കുട്ടികളും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പ്ലാസ്റ്റിക്കിന്റെ ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച് കുട്ടികള്‍ക്കായി ആദ്യം ബോധവത്കരണക്ലാസ് നടത്തി. ഒരുതവണ ഉപയോഗിച്ചതിനുശേഷം പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഇല്ലാതാക്കി.
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയാന്‍ സാധിച്ചു. കൂടാതെ പ്രത്യേക സംവിധാനമൊരുക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കുകയും വില്‍ക്കുകയുംചെയ്തു.
 പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തത എന്ന വിഷയത്തില്‍ ബോധവത്കരണക്ലാസ് നടത്തുകയും വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച പച്ചക്കറി വിത്തുകള്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി വിതരണംചെയ്യുകയുംചെയ്തു. ഇതില്‍നിന്ന് ലഭിക്കുന്ന വിളവ് ഉപയോഗിച്ച് സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കി.
സ്‌കൂളില്‍ ഔഷധസസ്യത്തോട്ടം സ്ഥാപിച്ചു. കൂടാതെ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയുംചെയ്തു.  തേനും വയമ്പും എന്ന ഡോക്യുമെന്ററിക്ക് ജില്ലാതലത്തില്‍ മികച്ച സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രണ്ടാംസ്ഥാനം ലഭിച്ചതും സ്‌കൂളിന് നേട്ടമായി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി. തോമസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജി എം. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍.
 

Print this news