പഠനത്തോടൊപ്പം പരിസ്ഥിതിപ്രവര്‍ത്തനവും വിഷയമാക്കി കൂത്തുപറമ്പ് ഹൈസ്‌കൂള്‍ മികവ് പുലര്‍ത്തിയ വര്‍ഷമാണ് 2012-2013. സീഡ് പ്രവര്‍ത്തനം അധിക പ്രവര്‍ത്തനമായി തോന്നാതെ അതൊരു സാധാരണ പ്രവര്‍ത്തനമായി മാറ്റിയതാണ് ഈ മികവിന് കാരണം. പ്രവര്‍ത്തനത്തിലെ ചടുലതയാണ് കൂത്തുപറമ്പ് ഹൈസ്‌കൂളിനെ തലശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സീഡ് സ്‌കൂളാക്കിയത്. കോതാമൂരിയും ആടിവേടനും നവ്യാനുഭവമാക്കിയ കുട്ടികള്‍. പരിസ്ഥിതിപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ക്കും നേതൃത്വം നല്‍കി. കാര്‍ഷികപ്രവര്‍ത്തനം ഒരു ബാധ്യതയാക്കാതെയാണ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഊര്‍ജസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചതും ഊര്‍ജോപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എല്‍.ഇ.ഡി. ബള്‍ബുകളുടെ പ്രചരണം ഏറ്റെടുത്ത് പാലായി ഗ്രാമത്തില്‍ ബള്‍ബ് വിതരണം നടത്തിയതും പ്രവര്‍ത്തനത്തില്‍ ചിലതാണ്. കാര്‍ഷിക മികവിന് കേരള സര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ കാര്‍ഷിക പഠനയാത്ര ലഭിച്ചത് ഇതിനുദാഹരണം.
സീഡ് പോലീസിന്റെ ഇടപെടല്‍ കലോത്സവനഗരിയെപ്പോലും പ്ലാസ്റ്റിക് വിമുക്തമാക്കിയത് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലെ പൊന്‍തൂവലാണ്. ആരോഗ്യ ബോധവത്കരണത്തിനൊപ്പം പൈപ്പ് കമ്പോസ്റ്റിങും വീല്‍ചെയര്‍ വിതരണം നടത്തി കാരുണ്യ സ്പര്‍ശമായതും ഇവയില്‍ ചിലത്.
വിവിധതരം കാര്‍ഷിക വിളകളെക്കുറിച്ച് പഠിക്കാന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരിടം തേടി പോകേണ്ടതില്ല. കൂത്ത്പറമ്പ് ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് അവധി കാലങ്ങളിലുള്‍പ്പെടെ കൃഷിയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തനവുമായി മുന്നേറുകയാണ്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സോഷ്യല്‍ സയന്‍സ് അധ്യാപകനായ കുന്നുമ്പ്രോന്‍ രാജനാണ്. അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അലിന്റ, ആതിര, അമല്‍ജിത്ത്, അതുല്‍, വിഷ്ണുദത്ത്, അദ്‌ന, അഖിലേഷ്, അസറുദ്ദീന്‍, അഖില്‍രാജ്, ശിവാനി എസ്. ഗംഗാധരന്‍, ശ്യാമിലി, ലിറ്റി സുന്ദര്‍ തുടങ്ങിയ വിദ്യാര്‍ഥികളാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
കാര്‍ഷികപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത നാല് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പഠനത്തിലും പിന്നിലല്ലെന്ന് തെളിയിച്ചു. ആറ് വിദ്യാര്‍ഥികള്‍ക്ക് എട്ട് വിഷയത്തില്‍ എ പ്ലസ് നേടിയത് അഭിമാനകരമായ നേട്ടമാണ്. വര്‍ഷങ്ങളായി മറ്റുളളവര്‍ക്ക് പാട്ടത്തിന് നല്‍കിയ കൃഷിസ്ഥലം കുട്ടികള്‍ ഏറ്റെടുത്ത് മധ്യവേനലവധി മുതല്‍ വിവിധ തരം വിളകള്‍ കൃഷി ചെയ്തുവരുന്നു.