സ്‌കൂള്‍പ്പറമ്പില്‍ കാളപൂട്ടി കുട്ടിക്കര്‍ഷകര്‍

By : cltadmin On 4th November 2015

Category :

ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ കുട്ടികള്‍ കാളപൂട്ടുന്നു വയലില്‍ ചെളിമണം ഉയര്‍ത്തി കര്‍ഷകര്‍ കാളപൂട്ടുന്നത് ഇന്ന് അപൂര്‍വമായ കാഴ്ചയാണ്. വയലും കൃഷിയും തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ സ്‌കൂള്‍പ്പറമ്പുതന്നെ കാളയെക്കൊണ്ട് ഉഴുതുമറിച്ച് കൃഷി ഇറക്കിയാലോ... അതും കുട്ടികള്‍!. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞദിവസം ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ കണ്ടത്. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാര്‍ഥികളാണ് സ്‌കൂള്‍ വളപ്പില്‍ കാള പൂട്ടി കൃഷിയിറക്കിയത്. ഒട്ടുമിക്ക കുട്ടികളും ആദ്യമായിട്ടായിരുന്നു കാളപൂട്ട് കാണുന്നത്. നുകവും കലപ്പയുമെല്ലാം അവര്‍ ഉപയോഗിച്ചു. കാളകളെ നയിച്ച് കുട്ടികള്‍ ഇറങ്ങിയപ്പോള്‍ ആകെക്കൂടി ആവേശം. കുട്ടികളുടെ കണ്ണില്‍ നിറയെ അദ്ഭുതം. തീര്‍ത്തും അപരിചിതമായ പണി കഷ്ടപ്പെട്ട് കുട്ടികള്‍ പൂര്‍ത്തിയാക്കി. അനുസരണക്കേടോടെ കാളകള്‍ നീങ്ങിയപ്പോള്‍ കര്‍ഷകരായ ജിതേഷും കരീമും കുട്ടികളെ സഹായിച്ചു. അങ്ങനെ സ്‌കൂള്‍ വളപ്പ് ഉഴുതുമറിച്ച് കുട്ടികള്‍ വിത്തിട്ടു. കൃഷിഭവന്‍ അസി. ഡയരക്ടര്‍ എസ്. ഷീല, ഫീല്‍ഡ് ഓഫീസര്‍ എ. ഇസ്മയില്‍, കൃഷി അസിസ്റ്റന്റ് ടി.എ. ബീന, പ്രിന്‍സിപ്പല്‍ സന്തോഷ് സെബാസ്റ്റ്യന്‍, പി.ടി.എ. പ്രസിഡന്റ് വി.ഇ. ജോര്‍ജ് എന്നിവരും കാളപൂട്ടലിന് പിന്തുണയുമായി എത്തി.

Photos >>