'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' കൊളാവിയില്‍ തുടങ്ങി

By : cltadmin On 20th October 2015

Category :

പയ്യോളി: മാതൃഭൂമി സീഡിന്റെ പുതിയ ദൗത്യമായ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയ്യോളിയിലെ കൊളാവി കടപ്പുറത്ത് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അമന്‍ദീപ് കൗര്‍ നിര്‍വഹിച്ചു. മൂന്നുമാസം മുമ്പ് പരിക്കുകളോടെ തീരത്തണഞ്ഞ ഒലിവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമയെ പരിചരിച്ച് പൂര്‍ണ ആരോഗ്യവതിയാക്കി കടലിലിറക്കിവിട്ടായിരുന്നു ഉദ്ഘാടനം.

അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ മരണം കാക്കുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയിലുള്ള കടലാമകളുടെ സംരക്ഷണച്ചുമതല സീഡ് പോലീസ് സേനയടക്കമുള്ള കുഞ്ഞുകൈകളാണേറ്റെടുക്കേണ്ടതെന്ന് അമന്‍ദീപ് കൗര്‍ പറഞ്ഞു.

ഗ്രീന്‍ കടലാമകളടക്കം ഭൂമുഖത്തുള്ള എട്ട് വിഭാഗം കടലാമകളില്‍ 80 കിലോവരെ തൂക്കംവരുന്ന ഒലിവ് റിഡ്‌ലി ഇനമാണ് കൊളാവികടപ്പുറത്ത് വിരുന്നുകാരായെത്തുന്നത്. ഒക്ടോബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള മാസങ്ങളില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സമുദ്ര സഞ്ചാരം നടത്തിയെത്തുന്ന പെണ്‍കടലാമകള്‍ കൊളാവിത്തീരത്തെ മണലില്‍ കുഴിമാന്തി മുട്ടയിട്ട് തിരിച്ചുപോകുന്നു.

കൊളാവിയിലെ തീരം പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ് മാതൃഭൂമി സീഡ് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോട്ടക്കടപ്പുറം എല്‍.പി., ഇരിങ്ങല്‍ ശ്രീ സുബ്രഹ്മണ്യം യു.പി., ഇരിങ്ങല്‍ എല്‍.പി. സ്‌കൂളുകളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരും സീഡ് പോലീസ് സേനയും സംരക്ഷണ പ്രവര്‍ത്തനത്തിനിറങ്ങും. മാതൃഭൂമി ചീഫ് ലൈബ്രേറിയന്‍ കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി പ്രതിനിധി കെ.കെ. ദിലീപ് കുമാര്‍ പദ്ധതി വിശദീകരിച്ചു. തിരുവള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ഇരിങ്ങല്‍ ശ്രീ സുബ്രഹ്മണ്യം യു.പി സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. വിജീഷ് എന്നിവര്‍ സംസാരിച്ചു. തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കെ. സുരേന്ദ്രബാബു ക്ലാസെടുത്തു. മാതൃഭൂമി പ്രതിനിധികളായ പി. നന്ദകുമാര്‍, ഇ.കെ. പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ് സ്വാഗതവും സെക്യൂരിറ്റി ഓഫീസര്‍ എം.ടി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു

Photos >>