വിഷമയമായ ഉത്പന്നലോകത്തിന് തടയിടാന്‍ കുട്ടികള്‍ക്കാകണംസന്തോഷ് ഏച്ചിക്കാനം

By : ksdadmin On 5th October 2015

Category : Seed

കാഞ്ഞങ്ങാട്: പരസ്യത്തില്‍ ഭ്രമിച്ച് മായവും വിഷവും കലര്‍ന്നവ കഴിക്കുന്ന ദുരവസ്ഥ ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും ഈ ലക്ഷ്യത്തിലേക്കുള്ള മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. മാതൃഭൂമിഫെഡറല്‍ ബാങ്ക് സീഡ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറപ്പുറത്തെ പള്ളത്തിലെ ആമകള്‍ക്ക് പടച്ചോറ് നല്കിയ കുട്ടിക്കാലവും സിനിമാക്കഥപറഞ്ഞും കുട്ടികളെ കൈയിലെടുത്തായിരുന്നു ഏച്ചിക്കാനത്തിന്റെ പ്രസംഗം. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ മുള്ളേരിയ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗേള്‍സ് ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍, തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയത്. സീഡ് കോഓര്‍ഡിനേറ്ററായ അധ്യാപകനും കുട്ടികളും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കെ.എം.രാജന്‍, ചെമ്മനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.ശ്രീനിവാസന്‍ എന്നിവര്‍ക്ക് മികച്ച അധ്യാപക കോഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം നല്കി. രണ്ടു വിദ്യാഭ്യാസ ജില്ലയിലുമായി 11 സ്‌കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്കി. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ കെ.സജിനിമോള്‍, ഫെഡറല്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ എ.പി.രമേഷ്‌കുമാര്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഡി.മഹാലിംഗേശ്വരരാജ്, ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, സീഡ് എക്‌സിക്യൂട്ടീവ് ബിജിഷാ ബാലകൃഷ്ണന്‍, മാതൃഭൂമിവി.കെ.സി. നന്മ കോഓര്‍ഡിനേറ്റര്‍ ഇ.വി.ശ്രീജ, മാതൃഭൂമി സെക്യൂരിറ്റി ഓഫീസര്‍ പി.കെ.ജയരാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ സീഡ് പ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. കൂട്ടക്കനി ഗവ.യു.പി.സ്‌കൂളിലെ സീഡ് കുട്ടികളുടെ സീഡ്ഗാനത്തോടെയാണ് അവാര്‍ഡ്ദാനച്ചടങ്ങ് തുടങ്ങിയത്.

Photos >>