പത്തനംതിട്ട വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം അവാര്‍ഡ് വിതരണംചെയ്തു.

By : ptaadmin On 3rd October 2015

Category : Seed

തിരുവല്ല: ''ഇന്ത്യ ഡിജിറ്റല്‍ യുഗത്തിലേക്ക് കുതിക്കുമ്പോള്‍ കുട്ടികള്‍ പ്രകൃതിപാഠങ്ങള്‍ മറക്കരുത്''- ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.മാതൃഭൂമി സ്‌കൂളുകള്‍വഴി നടപ്പാക്കുന്ന പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനമായ സീഡിന്റെ പത്തനംതിട്ട ജില്ലാതല അവാര്‍ഡ് വിതരണയോഗം വള്ളംകുളം ഗവ.യു.പി.സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''പരിസ്ഥിതിബോധം ഇല്ലാത്തവരായി കുട്ടികള്‍ മാറുന്നുണ്ട്.കാര്‍ട്ടൂണ്‍ചാനലുകളില്‍ കാണുന്ന കഥാപാത്രങ്ങളെ ഓര്‍മ്മിച്ചിരിക്കുന്നതുപോലെ പ്രകൃതിയിലെ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്ന തലമുറയല്ല വളരുന്നത്.കുട്ടികളെ പരിസ്ഥിതിമേഖലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മാതൃഭൂമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.നമുക്ക് ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്.അത്യാഗ്രഹത്തിനുള്ളതില്ല.അത്യാഗ്രഹികളായ തലമുറയല്ല വളരുന്നതെന്ന് ഉറപ്പാക്കാന്‍ സീഡ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കും''-ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് അധ്യക്ഷത വഹിച്ചു.പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.വി.രാമചന്ദ്രന്‍,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ പി.കുരുവിള,ഫെഡറല്‍ ബാങ്ക് എ.ജി.എം എന്‍.ആശ,സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സി.ടി.വിജയാനന്ദന്‍,മാതൃഭൂമി ബിസിനസ് ഡവലപ്പ്‌മെന്റ് ഡെപ്യൂട്ടി മാനേജര്‍ കെ.ജി.നന്ദകുമാര്‍ ശര്‍മ്മ,സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യുട്ടീവ് റോണി ജോണ്‍ ,മാതൃഭൂമി കോന്നി ലേഖകന്‍ കെ. ആര്‍.കെ.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ്,യൂണിറ്റ് മാനേജര്‍ ടി.സുരേഷ്,തോട്ടപ്പുഴ ഏജന്റ് സി.എന്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ലാ കളക്ടര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു. പത്തനംതിട്ടജില്ലയിലെ ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്‌കാരംനേടിയ വള്ളംകുളം ഗവ.യു.പി.സ്‌കൂളിന് ഒക്ടോബര്‍ 9ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും.

Photos >>