Category : Seed
പൂഞ്ഞാര്‍: കോട്ടയം ജില്ലയുടെ 'ടോപ് സ്റ്റേഷനായി' മാറിക്കൊണ്ടിരിക്കുന്ന ഇല്ലിക്കല്‍ മലനിരകളെ സംരക്ഷിക്കാന്‍ നടപടി വേണം. ഇവിടെ ഓരോ ദിവസവും സഞ്ചാരികളുടെ തിരക്കേറുകയാണ്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തി അഞ്ഞൂറ് അടിയിലേറെ ഉയരത്തിലുള്ള ഈ പ്രദേശം കോട്ടയം ജില്ലയിലെ മൂന്നിലവ്, തലനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്നു. വാഗമണിനെയും മൂന്നാര്‍ ടോപ് സ്റ്റേഷനെയും അനുസ്മരിപ്പിക്കുന്ന പ്രകൃതിഭംഗിയും കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയായിരുന്നു പ്രധാന പ്രശ്‌നം. സാഹസികര്‍ മാത്രം എത്തിയിരുന്ന ഈ മലയുടെ ചുവടുവരെ സഞ്ചാരികള്‍ക്കിപ്പോള്‍ വാഹനത്തില്‍ എത്താം. ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിലെ കളത്തൂക്കടവില്‍നിന്ന് മൂന്നിലവ്-മങ്കൊമ്പ്-നെല്ലാപ്പാറ വഴി ഇല്ലിക്കല്‍ മലനിരകളില്‍ എത്താം. ഈരാറ്റുപേട്ടയില്‍നിന്ന് വാഗമണ്‍ റൂട്ടില്‍ തീക്കോയിയിലെത്തി അടുക്കം, മേലടുക്കം വഴിയുള്ള പുതിയ പാതയിലൂടെ ഇല്ലിക്കല്‍മലയില്‍ എത്തുന്നതാണ് ഏറ്റവും എളുപ്പം. ഈരാറ്റുപേട്ടയില്‍നിന്ന് 20 കിലോമീറ്ററാണ് ദൂരം. ഇരുപത്തിരണ്ടോളം ഹെയര്‍പിന്‍ വളവുകള്‍ തിരിഞ്ഞുള്ള യാത്ര ആരെയും ഹരംപിടിപ്പിക്കും. ഇല്ലിക്കല്‍ താഴ്വര പിന്നിട്ട് കയറ്റം കയറുമ്പോള്‍ ഇരുവശത്തും മൊട്ടക്കുന്നുകള്‍. ഇവിടെ ചിറ്റീന്തുകളും പുല്ലും തഴച്ചുവളരുന്നു. ടാറിങ് അവസാനിക്കുന്നിടത്തുനിന്നുള്ള മൊട്ടക്കുന്ന് കയറാന്‍ തുടങ്ങുമ്പോള്‍ ഇല്ലിക്കല്‍ കുന്നിന്റെ മനോഹരദൃശ്യം തൊട്ടുമുന്‍പില്‍ കാണാം. ചുറ്റുപാടും ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളും മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷവും ഇളം കാറ്റുമെല്ലാം കണ്ണും മനസ്സും കുളിര്‍പ്പിക്കും. തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ സമീപ പ്രദേശങ്ങളുടെ ദൂരെക്കാഴ്ച ഏറെ ആകര്‍ഷണീയമാണ്. ഒറ്റയടിപ്പാതയിലൂടെ മുന്നൂറ് മീറ്ററോളം കുന്നുകയറിയാല്‍ ഇല്ലിക്കല്‍കുന്നിന് അഭിമുഖമായി ഉയരത്തില്‍ എത്താം. സഞ്ചാരികള്‍ എല്ലാവരും ഇവിടെവരെ എത്തും. ഇവിടെനിന്ന് അമ്പതുമീറ്ററോളം കുന്നിറങ്ങിയാല്‍ ഇല്ലിക്കല്‍ കല്ലിലേക്ക് കടക്കുന്ന, ഏതാണ്ട് നൂറുമീറ്റര്‍ ദൈര്‍ഘ്യമുള്ള 'നരകപാല'ത്തിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതുകടന്ന് ഇല്ലിക്കല്‍കല്ലില്‍ കയറാം. പക്ഷേ, ഈ യാത്ര അപകടം നിറഞ്ഞതാണ്. സഞ്ചാരികളുടെ വരവുകൂടിയതിനാല്‍ ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉടന്‍ വികസിപ്പിക്കേണ്ടതായുണ്ട്. ഇപ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാര്‍ഗമില്ല. പാര്‍ക്കിങ് സൗകര്യവും തീരെയില്ല. ഈ ഓണക്കാലത്തുമാത്രം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചാരികളെയുംകൊണ്ട് ഇവിടെയെത്തി. തിരക്കില്‍ പല വാഹനങ്ങളും അപകടത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡിന്റെ വശങ്ങളില്‍ ചിലഭാഗങ്ങളില്‍ വേലികള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ല. 'നരകപാല'ത്തിലൂടെ നിരവധി ആളുകള്‍ ഇല്ലിക്കല്‍കല്ലിനു മുകളില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ വേലികളോ ഇല്ലാത്ത ഇവിടേക്ക് മദ്യപിച്ചെത്തുന്ന ആളുകളുടെ എണ്ണവും കൂടിയിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബസഞ്ചാരികളും ധാരാളമായി വന്നുതുടങ്ങിയതോടെ ഒരു പോലീസ് ഔട്ട് പോസ്റ്റും അത്യാവശ്യമാണ്. പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. പ്രകൃതിയെ ദ്രോഹിക്കാത്ത ടൂറിസം വികസനത്തിലൂടെ ഇല്ലിക്കല്‍ മലനിരകളെ സംരക്ഷിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസമുണ്ടായിക്കൂടാ.