Category : Seed
പാലക്കാട്: നവമാധ്യമങ്ങളുടെ ചതിക്കുഴികള്‍ക്കിടയില്‍ കരുതലിന്റെ പുതിയ വഴികള്‍ തെളിയിച്ചുകൊടുത്ത് മാതൃഭൂമി സീഡ് 'സന്ദേശം'. ഒലവക്കോട് ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ (ഒന്ന്) 'നവമാധ്യമങ്ങള്‍ പുതിയ കരുതല്‍' എന്ന വിഷയത്തില്‍ സീഡ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സെമിനാറാണ് വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ കൂട്ടുകെട്ടിലെ കാണാക്കാഴ്ചകളും സൈബര്‍ബാങ്കിങ്ങിലെ ചതിക്കുഴികളും തുറന്നുകാട്ടിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. ജോസ് പോള്‍ ഉദ്ഘാടനംചെയ്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് അധ്യക്ഷനായി. ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. ജോസ് പോള്‍, സബ് എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഫേസ്ബുക്ക്, വാട്ട്‌സ് ആപ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ചതിക്കെണിയില്‍പ്പെട്ടവരുടെ അനുഭവങ്ങള്‍ വിവരിച്ച ജോസ് പോള്‍ പോക്‌സോ ആക്റ്റിനെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി. കള്ളക്കടത്തുകള്‍ക്കും കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിനും സൈബര്‍ലോകത്തെ ആശ്രയിക്കുന്നുണ്ടെന്നും നവമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയില്‍ ബുദ്ധിശക്തി ഉപയോഗിച്ചാല്‍ കംപ്യൂട്ടറുകളുടെ ഉപയോഗം വേണ്ടിവരില്ലെന്നും ഫാ. ജോസ് പോള്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അശോക്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. അനിത, സീഡ് ജില്ലാ എസ്.പി.ഒ. സി.എം. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.