കാട് നല്‍കിയ മഴയറിവുകള്‍...

By : tcradmin On 16th August 2013

Category : Seed

മനം നിറഞ്ഞ് മഴയിലേക്ക്... പത്തിരുപത് കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാലം....കോരിച്ചൊരിയുന്ന മഴ... അതൊന്നും വകവയ്ക്കാതെ അധ്യാപകര്‍ അതിരാവിലെ തന്നെ പുറപ്പെട്ടു. കൊടും കാട്ടിലേക്ക്, പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാ ട്ടിലേക്ക്... മാതൃഭൂമി സീഡ് ഒരുക്കിയ 'പ്രകൃതിപാഠം' ക്യാമ്പിനുവേണ്ടി പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഹൗസിലാണ് അധ്യാപകര്‍ ഒത്തുചേര്‍ന്നത്. കേരളത്തിലെ ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ഏറ്റവും മികച്ച സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരാണ് മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പില്‍ പങ്കെടുത്തത്. പ്രകൃതിയെ അടുത്തറിയാനും ആ നേരറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കാനും ആവേശത്തോടെ എത്തിയ അവര്‍ക്കുമുന്‍പില്‍ മഴയും കാടും പുതിയ പഠനക്കുറിപ്പുകള്‍ ഒരുക്കി. പീച്ചി ഡാമിനരികിലാണ് വന്യജീവി സങ്കേതം. ഡാമില്‍ ങണഘ എന്ന് എഴുതിയിരിക്കുന്ന സ്ഥലം വരെ വെള്ളം നിറഞ്ഞുകിടക്കുന്നു. അതായത് മാക്‌സിമം വാട്ടര്‍ ലെവല്‍! ശക്തമായ കാറ്റും മഴയും കുടകള്‍ മടക്കിക്കളഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ ഡാം കടന്ന് നേരേ കാട്ടിലേക്ക്... മഴകനത്ത് പെയ്യുന്നുണ്ട്. കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാവുന്ന കാട്ടുവഴിയിലൂടെ അച്ചടക്കമുള്ള കുട്ടികളായി അധ്യാപകര്‍ നടന്നു.കാടുകണ്ട് ,കാടറിഞ്ഞ്... അട്ടകളുടെ കടുത്ത ആക്രമണം കരുതിയിരുന്നെങ്കിലും കനത്ത മഴയില്‍ ഒറ്റ അട്ടയെപ്പോലും കണ്ടില്ല. അത് പുതിയൊരു കാട്ടറിവായി. ഒരു പുഴ ജനിക്കുന്നു... ഇ.വി.എസ്. ക്ലാസുകളില്‍ പുഴകളെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകര്‍ കാട്ടില്‍ പുഴയൊഴുകിത്തുടങ്ങുന്നത് കൗതുകത്തോടെ നോക്കിനിന്നു. കാട്ടിലെ ചരിവുകളില്‍ പെയ്യുന്ന മഴവെള്ളം ഒഴുകി ആദ്യം ചെറിയൊരു ചാല്‍, പിന്നെ പല ചാലുകള്‍ചേര്‍ന്ന് ചെറിയൊരരുവി... അത് മണ്ണിലൂടെ ഒഴുകി പാറകളില്‍തട്ടി തുള്ളിത്തെറിച്ച് ആരേയും കാത്തുനില്‍ക്കാതെ പാഞ്ഞുപോകുന്നു. ഇത്തരം അനേകായിരം നീര്‍ച്ചാലുകള്‍ ചേര്‍ന്നാണ് പുഴയാവുന്നത്. കാട്ടില്‍ കനത്ത മഴപെയ്യുമ്പോള്‍ മാത്രമേ പുഴ ജനിക്കുന്നതിന്റെ എല്ലാദൃശ്യങ്ങളും വ്യക്തമായി കാണാന്‍ കഴിയൂ. മഴ ഇനിയും പെയ്യട്ടെ എന്നായിരുന്നു അധ്യാപകരുടെ പ്രാര്‍ത്ഥന. അവരെങ്ങനെ ജീവിക്കും? കനത്ത മഴയില്‍ കാട്ടില്‍ ജീവികളെയൊന്നും കണ്ടില്ല. കാര്‍ന്നു തിന്ന ഇലകള്‍ പൂമ്പാറ്റപ്പുഴുക്കളുണ്ടെന്ന് സൂചന നല്‍കി. ഇടയ്ക്ക് വെയില്‍ ഒന്നു തല നീട്ടിയപ്പോള്‍ അവിടവിടെ പൂമ്പാറ്റകള്‍ പാറി. കൃഷ്ണശലഭവും ഗരുഡശലഭവുമൊക്കെ... തണുപ്പില്‍ ചുരുണ്ടുകൂടിയിരിക്കുന്ന ചില പാമ്പുകളേയും കണ്ടു. കാട്ടില്‍ സ്ഥിരമായി കാണാറുള്ള ചിലന്തി വലകള്‍ എവിടെയുമില്ല. മഴക്കാലത്ത് ചിലന്തികള്‍ എങ്ങനെ ഇരപിടിക്കും? മറ്റുജീവികളും എങ്ങനെ ആഹാരം സമ്പാദിക്കും? ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് നല്‍കാനായി പ്രോജക്റ്റിനുള്ള വിഷയങ്ങള്‍ മനസ്സില്‍ കുറിക്കുകയായിരുന്നു അധ്യാപകര്‍ അപ്പോള്‍. അനേകം തവണ കാട്ടില്‍ പോയ അധ്യാപകരും സമ്മതിച്ചു, മഴയിലെ കാട് വേറിട്ടൊരു അനുഭവം തന്നെ എന്ന്. മഴ നിറഞ്ഞുപെയ്യുന്ന കാടുവിട്ടിറങ്ങി വരുമ്പോള്‍ കുട്ടികള്‍ക്കായി കുറേ പുത്തനറിവുകളും അവര്‍ കൂടെ കൊണ്ടുപോന്നു... മരം, മഴ, പ്രകൃതി... ഉച്ചയ്ക്കു ശേഷം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍... മഴയുടെ തണുപ്പില്‍നിന്ന് എ.സിയുടെ തണുപ്പിലേക്ക്. വിഷയത്തിന് മാറ്റമില്ല. മരം, മഴ, പ്രകൃതി... സീനിയര്‍ സൈന്റിസ്റ്റ് ഡോ. കെ. മോഹന്‍ദാസ് പ്രകൃതിയുടെ ഉള്ളുകള്ളികളെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ അധ്യാപകരെല്ലാം വിദ്യാര്‍ത്ഥികളായി. തണുത്തവെള്ളം നിറച്ച ഒരു കുപ്പിയും തണുക്കാത്ത വെള്ളം നിറച്ച ഒരു കുപ്പിയും മേശപ്പുറത്ത് വയ്ക്കുന്നു. തണുത്ത വെള്ളമുള്ള കുപ്പിയുടെ പുറത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം പറ്റിപ്പിടിച്ച് വെള്ളത്തുള്ളികള്‍ രൂപപ്പെടുന്നു. ഇതേ പോലെ അന്തരീക്ഷത്തില്‍ തണുപ്പ് നിലനിര്‍ത്തിയെങ്കില്‍ മാത്രമേ മേഘങ്ങള്‍ തണുത്ത് മഴ പെയ്യുകയുള്ളു. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതില്‍ മരങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മരങ്ങള്‍ ഇല്ലാതാകുമ്പോള്‍ വെള്ളവും ഇല്ലാതാകുന്ന ഭീകരമായ ഭാവികാലത്തെക്കുറിച്ചുള്ള ആശങ്കകള്‍ ക്ലാസില്‍ നിശബ്ദത പരത്തി. മാതൃഭൂമി സീഡ് ഇത്തരം ആശങ്കകള്‍ക്കുള്ള പരിഹാരമാണെന്ന ആശ്വാസത്തോടെയാണ് അധ്യാപകര്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയത്. പാമ്പിനെ പേടിക്കണോ? മൂര്‍ഖന്‍ പാമ്പ് പത്തിവിരിച്ച് 'സ്...' എന്ന് ചീറ്റിയപ്പോള്‍ മുന്‍ നിരയിലിരുന്ന അധ്യാപകരെല്ലാം നടുങ്ങി. രണ്ടുദിവസം മുന്‍പുവരെ സ്വതന്ത്രനായി ഇഴഞ്ഞുനടന്ന പാമ്പാണത്. ഏതോ വീട്ടില്‍ കയറിയപ്പോള്‍ പിടികൂടി കൂട്ടിലാക്കിയതാണ്. കൂട്ടിനുള്ളില്‍കിടന്ന് അത് ശൗര്യത്തോടെ പത്തിവിടര്‍ത്തിചീറ്റി. പാമ്പുകളെ ക്കുറിച്ച് ക്ലാസെടുക്കാനെത്തിയ എല്‍തുരുത്ത് സേവ്യര്‍ മൂര്‍ഖനെ പരിചയപ്പെടുത്തി. ഉള്‍ക്കാട്ടില്‍ തുറന്നുവിടുന്നതിനു മുന്‍പുള്ള ഇടവേളയിലാണ് ആ മൂര്‍ഖന്‍ അധ്യാപകരുടെ മുന്നിലെത്തിയത്. പാമ്പുകള്‍ പകയോടെ ശത്രുക്കളെ ആക്രമിക്കും, അവയ്ക്ക് ശത്രുവിനെ ഓര്‍ത്തു വയ്ക്കാനുള്ള അസാധാരണമായ കഴിവുണ്ട്, തുടങ്ങി നിരവധി തെറ്റിധാരണകള്‍ തിരുത്തിക്കൊണ്ടായിരുന്നു ക്ലാസിന്റെ തുടക്കം. വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ തിരിച്ചറിയുക ഏറെ പ്രധാനമാണ്. അതിനാണ് പാമ്പുകളുടെ ചിത്രങ്ങളോടൊപ്പം ജീവനുള്ള പാമ്പുകളേയും കൊണ്ടുവന്നത്. ധൈര്യമുള്ള ചിലര്‍ പാമ്പിനെ കൈയില്‍ വാങ്ങി. കണ്ടാലുടന്‍ അടിച്ചുകൊല്ലേണ്ട ജീവികളല്ല പാമ്പുകള്‍ എന്ന തിരിച്ചറിവോടെയാണ് ക്ലാസ് അവസാനിച്ചത്. ആനകള്‍ക്കരികിലെ കുട്ടി! കാട്ടാനകള്‍ക്കരികിലൂടെ ആനകളുടെ ശ്രദ്ധയില്‍പെടാതെ കടന്നുവന്ന ആദിവാസിക്കുട്ടിയെക്കണ്ട് ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ അതിശയിച്ചു. അവനോട് കാര്യം തിരക്കിയപ്പോഴല്ലേ ഒരു കാട്ടുരഹസ്യം ചുരുളഴിയുന്നത്. അല്പം ആനപ്പിണ്ടം എടുത്ത് ദേഹത്ത് പുരട്ടിയിട്ടാണേനത്ര അവന്‍ വന്നത്. വളരെ വേഗം മണം തിരിച്ചറിയാനുള്ള ആനകളുടെ കഴിവിനെ പറ്റിക്കാനുള്ള വിദ്യയാണത്. അകമല ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി. വിജയരാഘവന്‍ തന്റെ രസകരമായ കാടനുഭവങ്ങള്‍ അധ്യാപകരുമായി പങ്കുവച്ചു. മരത്തിനൊരു ഡോക്ടര്‍! മനുഷ്യര്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കാനായി ധാരാളം ആസ്പത്രികളുണ്ട്. മൃഗങ്ങള്‍ക്കുമുണ്ട് ആസ്പത്രികള്‍. എന്നാല്‍ മരങ്ങള്‍ക്കോ? അവര്‍ക്ക് ആസ്പത്രികളില്ലെന്നു മാത്രമല്ല, മരങ്ങളെ ചികിത്സിക്കുന്ന ഒരു ഡോക്ടറെക്കുറിച്ചുപോലും നമ്മള്‍ കേട്ടിട്ടുണ്ടാവില്ല. എങ്കില്‍ മരങ്ങളെ ചികിത്സിക്കുന്ന ഒരുസ്ഥലത്തെക്കുറിച്ച് കേട്ടോളൂ. പീച്ചിയിലെ കേരളഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മരങ്ങള്‍ക്കായി ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നത്. മരങ്ങള്‍ക്ക് വാട്ടമോ, കരിവോ, മറ്റ് അസുഖങ്ങളോ ഒക്കെ കാണുകയാണെങ്കില്‍ ഉടന്‍തന്നെ സഹായത്തിനായി 04872690222 എന്ന നമ്പരിലേക്ക് വിളിക്കുക. ചികിത്സയ്ക്കുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും തീര്‍ച്ചയായും ലഭിക്കും. റിവവസവാ്യഋക്ഷശിഹ.ിവീ.ഹൃ എന്ന വിലാസത്തിലും ബന്ധപ്പെടാം. തയാറാക്കിയത്: ഡോ. കെ.സി. കൃഷ്ണകുമാര്‍ ഫോട്ടോ: സി. സുനില്‍കുമാര്‍

Photos >>