തെരുവുനായ്ക്കളെ തുരത്താന്‍ ഒപ്പുശേഖരണവുമായി സീഡ് പ്രവര്‍ത്തകര്‍

By : ptaadmin On 6th August 2015

Category : Seed

പന്തളം: തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവരിലധികവും കുട്ടികളാണെന്ന് തിരിച്ചറിഞ്ഞ സീഡ് പ്രവര്‍ത്തകര്‍ ഒപ്പുശേഖരണവുമായി രംഗത്തെത്തി. പന്തളം എന്‍.എസ്.എസ്. ഇംഗ്ലൂഷ് മീഡിയം യു.പി.സ്‌കൂളിലെ ഹരിത സീഡ് ക്ലൂബ്ബ് അംഗങ്ങളാണ് കുട്ടികളില്‍നിന്നുംവഴിയാത്രക്കാരില്‍ നിന്നും കോളേജ് വിദ്യാര്‍ഥികളില്‍ നിന്നുമൊക്കെ ഒപ്പ് വാങ്ങിയത്. തെരുവുനായ്ക്കള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കി ഇവയെ ഇല്ലാതാക്കുകയെന്നതാണ് സീഡ് പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കുകയാണ് ലക്ഷ്യം. മാലിന്യം വഴിയരികിലും പൊതുസ്ഥലങ്ങളിലും കൂട്ടിയിടുന്നതും ഉപേക്ഷിക്കുന്നതും തടയുക, മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക, കോഴിയിറച്ചികടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മാംസാവശിഷ്ടം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുക, ചന്തകള്‍ ഗേയ്റ്റിട്ട് പുറത്തുനിന്ന് മാലിന്യം എത്തിക്കാത്ത തരത്തിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കുട്ടികള്‍ മുന്നോട്ടുവച്ചു. ഫെയ്‌സ്ബുക്ക് പേജിന്റെ മാതൃകയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലൈക്കും ഷെയറും ചെയ്യാന്‍ കഴിയുന്ന തരത്തിലുമുള്ള ചുവര്‍പത്രികയും കുട്ടികള്‍ ഒരുക്കി. സിനിമാനടന്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ തെരുവുനായ്ക്കള്‍ പെരുകുന്നതുസംബന്ധിച്ച് എഴുതിയിരുന്നത് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. ആയിരത്തിലധികംഒപ്പുകള്‍ കുട്ടികള്‍ ഒറ്റദിവസംകൊണ്ട് ശേഖരിച്ചു. ഒപ്പുശേഖരണം എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഡി.ഗോപിമോഹന്‍ ഉദ്ഘാടനം ചെയ്തു. ''തെരുവുനായ്ക്കള്‍ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്. പൊതിച്ചോറ് ഒഴിവാക്കി ഭക്ഷണം പാത്രത്തിലാക്കണം. മാലിന്യനിര്‍മ്മാര്‍ജനം സ്‌കൂള്‍മുറ്റത്തുനിന്നുതന്നെ തുടങ്ങണം''-അദ്ദേഹം പറഞ്ഞു. പ്രിനസിപ്പല്‍ എസ്.ലീലാമ്മ, സീഡ് കോ -ഓര്‍ഡിനേറ്റര്‍ വി.ശ്രീജിത്ത് ,അധ്യാപകന്‍ വി.രാജേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Photos >>