Category : Seed
അടൂര്‍: അമ്മമാര്‍ നല്ല ശ്രോതാക്കളായാല്‍, നമ്മുടെ മക്കള്‍പറയുന്നത് കേള്‍ക്കാന്‍ സമയം ഉള്ളവരായി മാറിയാല്‍ അവര്‍ ഒരിക്കലും തെറ്റിന്റെ വഴിയിലേക്ക് പോകില്ലെന്ന് അടൂര്‍ ഡിവൈ.എസ്.പി. എ.നസീം പറഞ്ഞു. നവമാധ്യമങ്ങളുടെ ചതിക്കുഴികള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ പറക്കോട് പി.ജി. എം. ഗേള്‍സ് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ 'അമ്മ അറിയാന്‍' സെമിനാറില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ക്കായി കാതുകൊടുക്കാന്‍ അമ്മമാര്‍ തയ്യാറായില്ലെങ്കില്‍ പൊതുസമൂഹത്തില്‍ ഒത്തിരി കാപാലികന്മാര്‍ അവരെ കാത്തിരിക്കുന്നുവെന്ന് ഓര്‍ക്കണം. കുട്ടികളില്‍ ബോധം, സ്വപ്‌നങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അമ്മമാര്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുണ്ട്. ലക്ഷ്യത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ അതിനെ വഴിതെറ്റിക്കുന്ന വഴിയോരക്കാഴ്ചകളിലേക്ക് തിരിഞ്ഞുപോകാതെ കുട്ടികളെ സംരക്ഷിക്കാന്‍ നമ്മള്‍ക്കും ബാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരം ആത്മഹത്യയെന്ന ദുഷ്ചിന്ത ഒഴിവാക്കണമെന്നും ഡി വൈ.എസ്.പി. എ.നസീം പറഞ്ഞു. നവമാധ്യമങ്ങളുടെ ഗുണങ്ങളുംദോഷങ്ങളും ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയെയും സ്വഭാവത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. മുന്നൂറിലധികം അമ്മമാരാണ് സെമിനാറിനെത്തിയത്. ഹെഡ്മിസ്ട്രസ് ആര്‍.എല്‍. ഗീത അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ചിന്തു, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീലത, പി.അനിത, ജി.റാണി എന്നിവര്‍ പ്രസംഗിച്ചു.