Category : Seed
പാലക്കാട്: ദേശത്തിന്റെയും രാജ്യത്തിന്റെയും അതിരുകള്‍ താണ്ടി അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധനേടി ഏഴാമാണ്ടിലേക്ക് പ്രവേശിച്ച മാതൃഭൂമി സീഡ് പദ്ധതിയുടെ പാലക്കാട് ജില്ലയിലെ ഈ അധ്യയനവര്‍ഷത്തെ പരിശീലനങ്ങള്‍ക്ക് തുടക്കം. സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാലയാണ് ചൊവ്വാഴ്ച തുടങ്ങിയത്. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കായുള്ള പരിശീലനമാണ് ഹോട്ടല്‍ ഗസാലയില്‍ നടന്നത്. ഫെഡറല്‍ ബാങ്ക് പാലക്കാട് ബ്രാഞ്ച് മേധാവിയും ചീഫ് മാനേജരുമായ സിന്ധു ആര്‍.എസ്. നായര്‍ ഉദ്ഘാടനംചെയ്തു. സുകൃതംചെയ്തവര്‍ക്കുമാത്രം കിട്ടുന്ന പുണ്യമാണ് അധ്യാപകവൃത്തിയെന്നും അവര്‍ ഭാവിയിലെ തലമുറകള്‍ക്കായി നടത്തുന്ന സുകൃതമാണ് സീഡ് പദ്ധതിയിലൂടെയുള്ള പരിസ്ഥിതിസംരക്ഷണമെന്നും സിന്ധു ആര്‍.എസ്. നായര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതിസംരക്ഷണാര്‍ഥം അധ്യാപകര്‍ നടത്തുന്ന ഓരോ പ്രവൃത്തിയും വിദ്യാര്‍ഥികള്‍ വിലമതിക്കാനാകാത്ത മുത്തായി കാത്തുസൂക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് സ്വാഗതവും സീഡ് വിദ്യാഭ്യാസജില്ലാ എസ്.പി.ഒ.സി. എം. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ്, സബ് എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍, സീസണ്‍വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ ശില്പശാല നയിച്ചു. 150ഓളം അധ്യാപകര്‍ പങ്കെടുത്തു.