Category : Seed
ഷൊറണൂര്‍: ആറുകൊല്ലത്തെ അനുഭവസമ്പത്ത് കൈമുതലാക്കി ഏഴാംവര്‍ഷത്തില്‍ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറുന്നു. പ്രകൃതിയുടെ മിടിപ്പ് തൊട്ടറിഞ്ഞ പ്രവര്‍ത്തനങ്ങളെ തേടിയെത്തിയ അംഗീകാരങ്ങളുടെ പൊലിമയില്‍ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ ശില്പശാല കുളപ്പുള്ളി സമുദ്ര റീജന്‍സി ഹോട്ടലില്‍ നടന്നു. ഒറ്റപ്പാലം എ.ഇ.ഒ. വി.കെ. ദ്വാരകാനാഥന്‍ ശില്പശാല ഉദ്ഘാടനംചെയ്തു. ഭൂമിയുടെ ഹരിതാഭ കാത്തുസൂക്ഷിക്കാനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുമായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുണ്ട്. മണ്ണും മഴയും കണ്ടറിഞ്ഞ് പുതുതലമുറയെ പ്രകൃതിയോടൊപ്പം നടത്താന്‍ സീഡിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. മാതൃഭൂമി യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ സീഡ് എസ്.പി.ഒ.സി. പി. രാഗേഷ് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സബ്എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍ ശില്പശാല നയിച്ചു.