Category : Seed
കാഞ്ഞങ്ങാട്: കുട്ടികളുടെ മനസ്സിനെ പ്രകൃതിയോടടുപ്പിക്കാന് മാതൃഭൂമി സീഡിന് കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര് സി.രാഘവന് പറഞ്ഞു. മാതൃഭൂമി സീഡിന്റെ കോ ഓര്ഡിനേറ്റര്മാരായ അധ്യാപകര്ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീഡ് ഇല്ലായിരുന്നെങ്കില് കുട്ടികളുടെ പ്രകൃതിസ്‌നേഹം 20 ശതമാനമായി കുറഞ്ഞേനെ. സീഡ് പദ്ധതിയുമായി മാതൃഭൂമി രംഗത്തുവന്നപ്പോള് സര്ക്കാരും മറ്റുള്ളവരുമെല്ലാം പലതരം പ്രകൃതിസ്‌നേഹ പദ്ധതികള് കൊണ്ടുവന്നു. ഈ ആശയത്തിനു തുടക്കമിട്ട മാതൃഭൂമിക്ക് നന്ദിരേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സീഡിനെ വിജയിപ്പിച്ചത് കോ ഓര്ഡിനേറ്റര്മാരായ അധ്യാപകരാണ്. ഭൂമിക്ക് കുടപിടിക്കുന്നവരെന്ന് ഈ അധ്യാപകരെ വിശേഷിപ്പിച്ചാല് അധികമാവില്ലെന്നും സി.രാഘവന് കൂട്ടിച്ചേര്ത്തു. ആല്വിത്തില് മഹാവൃഷമെന്നപോല്, പ്രപഞ്ചത്തെ മുഴുവന് ആവഹിച്ചിരിപ്പുണ്ടെന്ന് പാടിയ മഹാകവി പി.യുടെ മണ്ണില് അശോകമരത്തിന്റെ വിത്ത് നല്കിയാണ് സീഡ് ഏഴാം വര്ഷത്തിലേക്ക് കടന്നത്. കൈയില് കിട്ടിയ വിത്തുകളെ മണ്ണും മനസ്സും ചേര്ത്ത് വന്മരങ്ങളാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്ത് അധ്യാപകര് ശില്പശാലയെ സമ്പന്നമാക്കി. കുണ്ടംകുഴി ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ പത്മനാഭന്മാഷാണ് അശോകമരത്തിന്റെ വിത്തുകള് കൊണ്ടുവന്നത്. കഴിഞ്ഞവര്ഷം കാസര്‌കോട് ജില്ലയില് സീഡിന്റെ വിശിഷ്ടഹരിതവിദ്യാലയ പുരസ്‌കാരം നേടിയ പിലിക്കോട് സി.കെ.എന്.എസ്.ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ കോ ഓര്ഡിനേറ്റര് കെ.ജയചന്ദ്രനും കാസര്‌കോട് വിദ്യാഭ്യാസജില്ലയില് കഴിഞ്ഞവര്ഷത്തെ മികച്ച കോ ഓര്ഡിനേറ്റര് ആയി തിരഞ്ഞെടുക്കപ്പെട്ട ചെമ്മനാട് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ വി.ശ്രീനിവാസനും ഈ വിത്തുകള് കൈമാറിയാണ് ഡി.ഡി.ഇ. ഉദ്ഘാടനം നിര്വഹിച്ചത്. വിഷവിമുക്ത ഭക്ഷണം എന്ന സന്ദേശമുയര്ത്തി അരിയുണ്ട കഴിച്ചായിരുന്നു ശില്പശാലയുടെ തുടക്കം. നവരംഗ് റസിഡന്‌സിയില് നടന്ന ചടങ്ങില് മാതൃഭൂമി കണ്ണൂര് യൂണിറ്റ് ന്യൂസ് എഡിറ്റര് കെ.വിനോദ്ചന്ദ്രന് അധ്യക്ഷതവഹിച്ചു. ഫെഡറല്ബാങ്ക് കാഞ്ഞങ്ങാട് ശാഖാമാനേജര് എ.പി.രമേഷ്‌കുമാര്, മാതൃഭൂമി കണ്ണൂര് യൂണിറ്റ് മാനേജര് ജോബി പി.പൗലോസ്, മാതൃഭൂമി കാസര്‌കോട് ചീഫ് കറസ്‌പോണ്ടന്റ് കെ.ബാലകൃഷ്ണന് എന്നിവര് സംസാരിച്ചു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര് സി.സുനില്കുമാര് ക്ലാസെടുത്തു. അധ്യാപകര് അനുഭവങ്ങള് പങ്കുവെച്ചു. കോളേജുകളെയും എല്.പി.സ്‌കൂളിനെയും മത്സരടിസ്ഥാനത്തിലല്ലാതെ പങ്കെടുപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്ഷമുണ്ട്.