Category : Seed
കണ്ണൂർ: പ്രകൃതിയെ മാരകമായി പരിക്കേല്പിക്കാതെ മുന്നോട്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള പറഞ്ഞു. കണ്ണൂർ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർമാരായ അധ്യാപകർക്കുവേണ്ടി കണ്ണൂർ ഐ.എം.എ. ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സമൂഹനന്മയ്ക്കായി കുട്ടികൾ ഇടപെടുന്ന പ്രബലമായ പ്രസ്ഥാനമാണ് ഇന്ന് മാതൃഭൂമിയുടെ സീഡ്. ഇത്തരം പ്രവർത്തനത്തിലൂടെ വലിയൊരു സാമൂഹികധർമമാണ് മാതൃഭൂമി നിറവേറ്റുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സീഡ് മാടായിപ്പാറയിൽ സംഘടിപ്പിച്ച ‘ഭൂമിക്കൊരു കൈയൊപ്പ്’ പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച മണ്ണിൽ കൈമുക്കി വിദ്യാർഥികൾ വരച്ച മരത്തിന്റെ മൺചിത്രം പ്രൊഫ. കെ.എ.സരള ഫെഡറൽ ബാങ്ക് എ.ജി.എം. വി.ഒ.പാപ്പച്ചന് കൈമാറി. ശില്പശാല കണ്ണൂർ ഡി.ഇ.ഒ. യു.കരുണാകരൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനം കുട്ടികളുടെ മനസ്സിലുണ്ടാക്കിയ മാറ്റം നമ്മുടെ ചിന്തയ്ക്കുമപ്പുറത്താണെന്ന് ഡി.ഇ.ഒ. പറഞ്ഞു. തുടക്കത്തിൽ അത്ര വിപുലമായ രീതിയിലല്ലെങ്കിലും പിന്നീടുണ്ടായ മാറ്റം വളരെ വേഗത്തിലും അസൂയാവഹവുമായിരുന്നു. സീഡ് പ്രവർത്തനം ഇപ്പോൾ എൽ.പി. സ്കൂളുകളിലേക്കും വ്യാപിക്കുകയാണ്. സമസ്തമേഖലയിലും കുട്ടികളിൽ മാറ്റം പ്രകടമാണ്. മനുഷ്യത്വപരമായ കാഴ്ചപ്പാടുകൾ വളർത്തുക, പരിസ്ഥിതിബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസമേഖലയുടെ തനതായ പ്രവർത്തനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയിലാണ് സീഡിന്റെ മുന്നേറ്റം. കുട്ടികളെ പാഠഭാഗങ്ങളിൽ തളച്ചിടാതെ പ്രകൃതിസ്നേഹത്തോടും കൃഷിയോടും ബന്ധിപ്പിക്കുകയും പരസ്പരസ്നേഹത്തിലും സഹകരണത്തിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുകയുംചെയ്യുന്നതാണ് സീഡിന്റെ ഇടപെടലുകളെന്നും ഡി.ഇ.ഒ. പറഞ്ഞു. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് നല്കാനുള്ള നാടൻ അരിയുണ്ട ഡി.ഇ.ഒ. കഴിഞ്ഞവർഷം കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച സീഡ് കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആനയിടുക്ക് എച്ച്.ഐ. സ്കൂളിലെ സഫ്രീന ബഷീറിന് കൈമാറി. ഫെഡറൽ ബാങ്ക് എ.ജി.എം. വി.ഒ.പാപ്പച്ചൻ സംസാരിച്ചു. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ ശില്പശാല നയിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജോബി പി.പൗലോസ് സ്വാഗതവും പി.കെ.ജയരാജ് നന്ദിയും പറഞ്ഞു.