Category : Seed
തളിപ്പറമ്പ്: മലമുകളിലെ മാഷുടെ ആശങ്ക കടലോരത്തെ മാഷുടെ ആശങ്ക കൂടിയായപ്പോള്‍ മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല ശില്പശാല പരിസ്ഥിതിസംവാദ വേദിയായി. സീഡ് ശില്പശാല തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസറുടെ ചുമതലയുള്ള പി.ഐ.സുഗുണന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ കെ.സതീശന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, തളിപ്പറമ്പ് ലേഖകന്‍ ശേഖര്‍ തളിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ മികച്ച കോ ഓര്‍ഡിനേറ്ററായ പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ടി.എന്‍.ശ്രീജയ്ക്കും മികച്ച കാര്‍ഷികപ്രവര്‍ത്തനത്തിന് കൃഷിവകുപ്പിന്റെ പുരസ്‌കാരം ലഭിച്ച കെ.രവീന്ദ്രനും വിത്തുകള്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. വിഷമുക്തഭക്ഷണസന്ദേശമായി അരിയുണ്ട കഴിച്ചായിരുന്നു ശില്പശാലയുടെ തുടക്കം. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ ശില്പശാല നയിച്ചു. ജല ഉപയോഗത്തെക്കുറിച്ച് ഏറെ ആശങ്ക വേണ്ടെന്ന മണിക്കടവ് സെന്റ് തോമസ് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എം.ജോസിന്റെ അഭിപ്രായത്തില്‍ തുടങ്ങി മലയോരത്തെ വന്യമൃഗശല്യവും കടലോരത്തെ കല്ലിടലും പുഴയിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നതുമെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. നാട്ടിലിറങ്ങുന്ന കുരങ്ങുകള്‍ക്ക് തേന്‍കനിത്തോപ്പൊരുക്കിയ കഥ ഏറ്റുകുടുക്ക യു.പി.യിലെ കെ.രവീന്ദ്രനും കടല്‍ കാക്കാന്‍ കല്‍ക്കെട്ടല്ല വേണ്ടതെന്ന് പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ സുധീര്‍കുമാറും സമര്‍ഥിച്ചു. മലയാളി കൃഷിയെ ഗൗരവത്തോടെ നോക്കുന്നില്ലെന്നായിരുന്നു പരിയാരം ഉര്‍സുലിന്‍ സ്‌കൂളിലെ സന്ധ്യ സഹദേവന്റെ പരാതി. ജലദുരുപയോഗം തടയാനുള്ള മാര്‍ഗങ്ങളും അധ്യാപകര്‍ നിര്‍ദേശിച്ചു. 'നഞ്ചില്ലാത്ത ഊണി'നുള്ള പച്ചക്കറി ഒരുക്കാനൊരുങ്ങിയാണ് അധ്യാപകര്‍ ശില്പശാല വിട്ടത്.