പ്രകൃതിസ്‌നേഹത്തിന് മാതൃകയായ അമ്മയ്ക്കും മകള്‍ക്കും മാതൃഭൂമി സീഡിന്റെ ആദരം

By : Seed SPOC, Alappuzha On 10th June 2015

Category : Seed

അഞ്ചേക്കര്‍ ഭൂമിയെ വനമാക്കി പരിപാലിച്ച് പ്രകൃതിസ്‌നേഹം ജീവിത വ്രതമാക്കിയ അമ്മയും മകളും കുട്ടികള്‍ക്ക് ആവേശമായി. നീര്‍ക്കുന്നം എസ്.ഡി.വി. സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ നടന്ന മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ റവന്യൂ ജില്ലാതല ഉദ്ഘാടനച്ചടങ്ങിലാണ് കണ്ടല്ലൂര്‍ പുതിയ വിളയിലെ ദേവകിയമ്മയെയും മകള്‍ തങ്കമണി ടീച്ചറെയും ആദരിച്ചത്. ദേവകിയമ്മയും തങ്കമണി ടീച്ചറും പിന്നിട്ട വഴികള്‍ വിവരിച്ചപ്പോള്‍ നീണ്ട കരഘോഷമാണ് കുട്ടികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നത്. ജീവിതത്തില്‍ പുത്തന്‍ ഉണര്‍വും ഉത്സാഹവുമാണ് പ്രകൃതി സ്‌നേഹം നല്‍കിയതെന്നായിരുന്നു ദേവകിയമ്മ പറഞ്ഞത്. അമ്മയുടെ വഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങളാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ പരിസ്ഥിതി എന്‍ജിനീയറിങ് വിഭാഗം മേധാവിയായി വിരമിച്ച തങ്കമണി ടീച്ചര്‍ പങ്കുവച്ചത്. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ധ്യാനസുതന്‍ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

Photos >>