പ്രകൃതിക്കൊരു കൈയൊപ്പ് ചാര്‍ത്തി മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പുഴയില്‍ നിറമാര്‍ന്ന തുടക്കം

By : Seed SPOC, Alappuzha On 10th June 2015

Category : Seed

വെള്ള ക്യാന്‍വാസിലെ മരത്തിന്റെ ചിത്രത്തില്‍ കുഴച്ചമണ്ണ് കൊണ്ട് കൈയൊപ്പ് ചാര്‍ത്തി പുതുവര്‍ഷത്തിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നീര്‍ക്കുന്നം എസ്.ഡി.വി. സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് ഏഴാം വര്‍ഷത്തിലേക്ക് കടന്ന മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ റവന്യൂ ജില്ലാതല ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നത്. പുതുതലമുറയെ പ്രകൃതി സ്‌നേഹത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്തുന്ന സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ കുട്ടികളുടെ ആരവങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ അനുഗ്രഹം പോലെ മഴയും പെയ്തിറങ്ങി. സ്‌കൂള്‍ ലീഡര്‍ ആര്‍. സംഗീത ചൊല്ലിയ പ്രതിജ്ഞ വേദിയും സദസ്സും ഏറ്റു ചൊല്ലി. സിനിമാ നടനും കര്‍ഷനുമായ കൃഷ്ണപ്രസാദ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൈ നടുന്നവര്‍ക്ക് അതിനെ പരിപാലിച്ച് വളര്‍ത്താനുള്ള ബാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരം വളരുന്നതിനൊപ്പം നമ്മുടെ മനസ്സും വളരും. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ വലിയ മനസ്സിന് ഉടമകളാകും. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കുന്ന പോലെ പ്രകൃതിയെയും ആദരിക്കണം. മാതൃഭൂമി സീഡിന്റെ സാമൂഹ്യ ഇടപെടല്‍ പുതിയ തലമുറയ്ക്ക് വലിയ കരുത്താണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി ജെം ഓഫ് സീഡ് പുരസ്‌കാര ജേതാവ് കടക്കരപ്പള്ളി സര്‍ക്കാര്‍ ജി.പി.ജി.എസ്സിലെ പി.എസ്. സൂരജ് ആണ് ആദ്യ കൈയൊപ്പ് ചാര്‍ത്തിയത്. ബെസ്റ്റ് സീഡ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ പുന്നപ്ര യു.പി.സ്‌കൂളിലെ വിനോദ് രാജന്‍ മണ്ണ് സന്ദേശം നല്‍കി.

Photos >>