പ്രകൃതിക്കൊരു കൈയൊപ്പു' ചാര്ത്തി സീഡ് പ്രവര്ത്തനത്തിന് തുടക്കം

By : ktmadmin On 8th June 2015

Category : Seed

കോട്ടയം: വട്ടയിലയില് ചാലിച്ച മണ്ണില് മുക്കിയ കൈപ്പത്തികള്, കൈയൊപ്പുമരത്തിന്റെ ചില്ലകളില് ഇലകളായി പതിഞ്ഞു. പുതിയ അധ്യയന വര്ഷത്തെ മാതൃഭൂമി സീഡ് പ്രവര്ത്തനത്തിന് തുടക്കമായി. പ്രത്യേകം വരച്ചു തയ്യാറാക്കിയ കൈയൊപ്പു മരത്തിന്റെ ശിഖരങ്ങളില് വിശിഷ്ടാതിഥികളും കുട്ടികളും തങ്ങളുടെ കരസ്പര്ശംകൊണ്ട് ഇലക്കൊഴുപ്പു തീര്ത്തു. കാണക്കാരി ഗവ.വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂള് അങ്കണത്തില് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഒപ്പുമരം തളിരിട്ടത്. സ്കൂള്ഹാളില് നടന്ന സമ്മേളനം കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് ജെസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. വിത്തും വായുവും മണ്ണും മറ്റുമായി കുട്ടികളുടെ മനസ്സിലേക്കാണ് മാതൃഭൂമി സീഡ് കടന്നു ചെന്നതെന്ന് ജെസിജോസഫ് പറഞ്ഞു.സീഡ് ജില്ലാതല പ്രവര്ത്തനോദ്ഘാടനം ജെം ഓഫ് സീഡ് പുരസ്കാരം നേടിയ ജിനുമോള് വര്ഗീസ് നിര്വഹിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര് എസ്.ഡി.സതീശന് നായര് അധ്യക്ഷത വഹിച്ചു. നമ്മുടെ ഉള്ളില് നന്മയുടെ വസന്തം വീണ്ടും എത്തിക്കാന് സീഡ് പ്രവര്ത്തനത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ കൂടി പങ്കെടുപ്പിച്ച് വീട്ടുവളപ്പില് കൃഷി ആരംഭിക്കാന് സീഡ് പ്രചോദനമായെന്ന് പറഞ്ഞ മുഖ്യപ്രഭാഷകന് ഫെഡറല് ബാങ്ക് എ.ജി.എം. ആന്ഡ് റീജണല് ഹെഡ് ടോം തോമസ് തെക്കേല് തന്റെ അനുഭവം കുട്ടികളുമായി പങ്കിട്ടു. മരങ്ങള് നടുന്നത് ചടങ്ങിന് വേണ്ടിയാകരുതെന്നും അവ പൂക്കുന്നുണ്ടോ കായ്ക്കുന്നുണ്ടോ എന്നന്വേഷിക്കണമെന്നും അയ്യപ്പന്കോവില് റേഞ്ച് ഫോറസ്റ്റ് ഓഫീസര് സുരേഷ് ബാബു കുട്ടികളെ ഓര്മിപ്പിച്ചു. സീഡ് പ്രവര്ത്തനത്തിന് കൃഷിവകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് സി.ഗീത അറിയിച്ചു. വനംവകുപ്പ് റേഞ്ച് ഓഫീസര് ഐ.എസ്. സുരേഷ് ബാബു വൃക്ഷത്തൈ വിതരണം ചെയ്തു. മുന്വര്ഷം സ്കൂള് അങ്കണത്തില് നട്ട ചെടിക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് ജെസി ജോസഫ് വെള്ളം ഒഴിച്ചു. സ്കൂള് പ്രിന്സിപ്പല് ലിജിയ ജോസ്.എം.ജെ, ഗ്രാമപ്പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ജലീല്, മാതൃഭൂമി സോഷ്യല് ഇനീഷ്യേറ്റീവ് എക്സിക്യൂട്ടീവ് റോണി ജോണ് എന്നിവര് പ്രസംഗിച്ചു.

Photos >>