പ്രകൃതിക്ക് കൈയൊപ്പ്ചാര്‍ത്തി 'മാതൃഭൂമി സീഡ്'

By : ksdadmin On 6th June 2015

Category : Seed

പ്രകൃതിക്ക് കൈയൊപ്പ്ചാര്‍ത്തി 'മാതൃഭൂമി സീഡ്' കാഞ്ഞങ്ങാട്: പച്ചപുതച്ച ചീര്‍മക്കാവും പെയ്‌തൊഴിയാതെനിന്ന മഴമേഘങ്ങളും നോക്കിനില്‌ക്കെ, അവര്‍ ഒന്നിച്ച് പ്രകൃതിക്ക് കൈയൊപ്പ് ചാര്‍ത്തി. 'മാതൃഭൂമി സീഡി'ന്റെ ഏഴാം വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തിരിതെളിഞ്ഞത് പൂത്തക്കാലിലാണ്. ഇവിടുത്തെ ആലമ്പാടി കൂര്‍മ്പ ഭഗവതിക്ഷേത്രത്തിന് തൊട്ടുള്ള ചീര്‍മക്കാവിനുമുമ്പില്‍ അന്താരാഷ്ട്ര മണ്ണുവര്‍ഷത്തെയും ലോക പരിസ്ഥിതി ദിനത്തിന്റെ മഹത്ത്വത്തെയും ഓര്‍മിപ്പിച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മഞ്ഞയും ചുവപ്പും തുടങ്ങി വിവിധ നിറത്തിലുള്ള മണ്ണ് ചാലിച്ച്, അതില്‍ കൈകള്‍ മുക്കി കാന്‍വാസിലെ ഇലയില്ലാത്ത മരത്തിന്റെ ശാഖകളോട് ചേര്‍ത്ത് പതിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി കുട്ടികളും മുതിര്‍ന്നവരും ചാലിച്ച മണ്ണില്‍ കൈമുക്കി പതിച്ചപ്പോള്‍ ഇലസമൃദ്ധമായ മരമായി കാന്‍വാസിലെ ചിത്രം മാറി. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...' എന്ന ഗാനം ആലപിച്ച് പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂളിലെയും അരയി ഗവ. യു.പി. സ്‌കൂളിലെയും കുട്ടികള്‍ 'പ്രകൃതിക്കൊരു കൈയൊപ്പിനെ' പ്രകാശിതമാക്കി. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പി.പ്രദീപ്, ഫെഡറല്‍ ബാങ്ക് നീലേശ്വരം ശാഖാ മാനേജര്‍ ഇന്ദു ജോസ്, സോഷ്യല്‍ഫോറസ്ട്രി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വിനു എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനംനടത്തിയത്. മണ്ണില്‍ ചാലിച്ച് കൈപ്പത്തി അടയാളങ്ങള്‍ കാന്‍വാസിലെ ഇലയാക്കി മാറ്റിയശേഷം മൂന്നുപേരും ചേര്‍ന്ന് കാവിന്റെ പരിസരത്ത് വൃക്ഷത്തൈകളും നട്ടു. ചോദ്യവും ഉത്തരവും ക്ലാസുമൊക്കെയായി കുട്ടികളെ ആവേശത്തിലാക്കിയായിരുന്നു പി.പ്രദീപിന്റെ ഉദ്ഘാടനപ്രസംഗം. മണ്ണിനുമുമ്പില്‍ മാറിനില്ക്കുന്ന മനസ്സാണ് പുതുതലമുറയുടേത്. മണ്ണിനോടുള്ള ഇഷ്ടം മനസ്സിലേക്കെത്തിക്കാന്‍ ഈ വേറിട്ട പരിപാടിയിലൂടെ മാതൃഭൂമിക്ക് കഴിഞ്ഞുവെന്നും അദ്ദേഹംപറഞ്ഞു. മാതൃഭൂമി ജില്ലാ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം വി.കൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.സജിനിമോള്‍, പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക കെ.ജി.ഗീതാകുമാരി, പി.ടി.എ. പ്രസിഡന്റ് വി.കെ.ശശിധരന്‍, അധ്യാപകരായ രാമചന്ദ്രന്‍, എം.രാജന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍ അബൂബക്കര്‍, അരയി ഗവ. യു.പി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.വി.സൈജു, പൂത്തക്കാല്‍ നാട്ടകം പുരുഷ സഹായ സംഘം സെക്രട്ടറി ശ്രുതീപ് എന്നിവര്‍ സംസാരിച്ചു. 'പ്രകൃതിക്കൊരു കൈയൊപ്പി' ന്റെ ജില്ലാ കോ ഓര്‍ഡിനേറ്ററും മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടറുമായ ഇ.വി.ജയകൃഷ്ണന്‍ സ്വാഗതവും മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ്മാനേജര്‍ ജോബി. പി.പൗലോസ് നന്ദിയും പറഞ്ഞു. നാട്ടകം പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരും നാട്ടുകാരും പദ്ധതി വര്‍ണാഭമാക്കാന്‍ നേതൃത്വംനല്കി. പച്ച, വെള്ള, നീല എന്നിങ്ങനെ നിറങ്ങളോടോപ്പമാണ് ഇത്തവണയും സീഡിന്റെ പ്രവര്‍ത്തനങ്ങള്‍. എല്‍.പി. സ്‌കൂളുകാര്‍ക്കും കോളേജുകാര്‍ക്കും സീഡ് പദ്ധതിയില്‍ പങ്കാളികളാകാമെന്ന പുതുമയും ഇക്കുറിയുണ്ട്. വാട്‌സ് ആപ്പിലൂടെ സീഡ് പ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ അയക്കാനുള്ള സംവിധാനവും ഈവര്‍ഷം മുതല്‍ ഒരുക്കിയിട്ടുണ്ട്.

Photos >>