കോട്ടയം:കയാക്കിങ്-2015ന് കുമരകത്ത് ഉജ്ജ്വല സ്വീകരണം

By : ktmadmin On 6th January 2015

Category : Seed

കുമരകം: ദേശീയജലപാത സംരക്ഷിക്കുക, കായല്‍ മാലിന്യമുക്തമാക്കുക, ജലകായികവിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ദേശീയജലപാതയിലൂടെ നടക്കുന്ന കയാക്കിങ്-2015 ന് കുമരകത്ത് ഉജ്ജ്വല സ്വീകരണം. പത്തംഗകയാക്കിങ് സംഘം വെള്ളിയാഴ്ച കൊല്ലത്തുനിന്ന് തുടക്കംകുറിച്ച ജലയാത്രയാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കുമരകെത്തത്തിയത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന ഫൈബര്‍ നിര്‍മിത ചെറുവള്ളത്തിലാണ് ഇവരുടെ യാത്ര. കുമരകം ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യാത്രാസംഘത്തിന് സ്വീകരണമൊരുക്കിയത്. ആര്‍പ്പുവിളികളുടെയും കരഘോഷത്തിന്റെയും അകമ്പടിയോടെ കുട്ടികള്‍, ഓളപ്പരപ്പിലൂടെ പരിസ്ഥിതിസംരക്ഷണമുദ്രാവാക്യം ഉയര്‍ത്തി സാഹസികയാത്രാപര്യടനം നടത്തുന്ന സംഘത്തെ വരവേറ്റു. സ്‌കൂള്‍ഹാളില്‍ നടന്ന പരിപാടിയില്‍ സംഘാംഗങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. 12 ദിവസംകൊണ്ട് കൊല്ലംമുതല്‍ കോഴിക്കോട് വരെ 330 കിലോമീറ്റര്‍ ദേശീയ ജലപാതയിലൂടെയാണ് യാത്ര. യാത്രാമധ്യേ വിവിധയിടങ്ങളില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രിതങ്ങുന്ന സ്ഥലങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, പരിസ്ഥിതി കൂട്ടായ്മകള്‍ എന്നിവരുമായി ആശയവിനിമയം നടത്തും. യാത്രാപാതയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കും. ഓരോ സ്ഥലത്തെയും പരിസ്ഥതിപ്രശ്‌നങ്ങള്‍ രേഖപ്പെടുത്തും. സഞ്ചാരം, സന്ദേശം, സംരക്ഷണം എന്നിവയാണ് യാത്രയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിപിന്‍ രവീന്ദ്രനാഥ്, മുരുകന്‍ കൃഷ്ണന്‍, മാത്യു വര്‍ഗീസ്, പ്രസാദ് കടാങ്കോട്, രാജ് കൃഷ്ണന്‍, കൗശിക്, ജിബിന്‍, ആദര്‍ശ് എം.എല്‍, ഡാനി ഗോര്‍ഗന്‍, റഷീദ് സിംഗല്‍ തുടങ്ങിയവരാണ് സംഘാംഗങ്ങള്‍. കുമരകത്തെ സ്വീകരണസമ്മേളനത്തില്‍ ജില്ലാ പഞ്ചായംത്തംഗം ബീന ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ബൈജു ടി.സി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശ്വനാഥന്‍നായര്‍, പ്രഥമാധ്യാപിക മാധുരി ദേവി ബി,തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതൃഭൂമി ഡെപ്യൂട്ടി മാനേജര്‍ ബിസിനസ് ഡവലപ്പ്‌മെന്റ് കെ.ജി. നന്ദകുമാര്‍ശര്‍മ സ്വാഗതവും കുമരകം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.രജനി നന്ദിയും പറഞ്ഞു.

Photos >>