'നഞ്ചില്ലാത്ത ഊണ് എന്റെ വക'

By : knradmin On 2nd January 2015

Category :

വിദ്യാലയങ്ങളില്‍ കുട്ടികള്‍ വിയര്‍പ്പും മനസ്സുമിട്ട് വിളയിച്ച പച്ചക്കറികള്‍ അവരുടെ കലോത്സവ അടുക്കളയിലെത്തി. തലശ്ശേരിയില്‍ നടക്കുന്ന കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പുതുവത്സര സദ്യക്കുള്ള വിഷമുക്ത പച്ചക്കറികളാണ് ചൊവ്വാഴ്ച കലോത്സവ കലവറയിലെത്തിയത്. സീഡിന്റെ 'നഞ്ചില്ലാത്ത ഊണ് എന്റെ വക' എന്ന പദ്ധതിയനുസരിച്ചാണിത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പത്ത് വിദ്യാലയങ്ങളില്‍നിന്ന് ശേഖരിച്ച മൂന്നു ക്വിന്റലിലേറെ പച്ചക്കറികള്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനും യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസും ചേര്‍ന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ദിനേശന്‍ മഠത്തിലിനും ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ എ.രമേശനും കൈമാറി. ഈ ഏറ്റുവാങ്ങല്‍ കേരള വിദ്യാഭ്യാസ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണെന്ന് ദിനേശന്‍ മഠത്തില്‍ പറഞ്ഞു. ആദ്യമായാണ് വിദ്യാര്‍ഥികളൊരുക്കിയ പച്ചക്കറികൊണ്ട് ഒരു കലോത്സവ സദ്യ ഒരുക്കുന്നത്. രാവിലെ ഏറ്റുകുടുക്ക യു.പി. സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മാതൃഭൂമി പ്രത്യേക ലേഖകന്‍ ടി.സോമന്‍ ഏറ്റുകുടുക്ക യു.പി. സ്‌കൂള്‍ മാനേജര്‍ ടി.തമ്പാനില്‍ നിന്ന് പച്ചക്കറി ഏറ്റുവാങ്ങി. തുടര്‍ന്ന് മാത്തില്‍ ഗവ. എച്ച്.എസ്.എസ്., കരിവെള്ളൂര്‍ എ.വി.സ്മാരക എച്ച്.എസ്.എസ്., നെരുവമ്പ്രം യു.പി.സ്‌കൂള്‍, കൊട്ടില ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റിയാട്ടൂര്‍ എ.യു.പി. സ്‌കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍, കൂത്തുപറമ്പ് ഹൈസ്‌കൂള്‍, പൂക്കോട് അമൃത വിദ്യാലയം, തലശ്ശേരി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍നിന്നായി 310 കിലോ പച്ചക്കറികളുമായി തലശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിലെ കലോത്സവ അടുക്കളയിലെത്തിച്ചു. പാചക വിദഗ്ധന്‍ അന്നൂര്‍ പടിഞ്ഞാറെക്കവല മദക്കട ബാലകൃഷ്ണപ്പൊതുവാള്‍ ഇവ കലവറയിലേക്ക് മാറ്റി. പച്ചക്കറി ശേഖരണത്തിന് സീഡ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കുന്നുമ്പ്രോന്‍ രാജന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്കി. കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കൊടിയിലയില്‍ പപ്പായ അച്ചാര്‍ വിളമ്പിയപ്പോള്‍ ഒരു സ്വപ്നം സാക്ഷാത്കരിച്ചു. പരിസ്ഥിതിസംരക്ഷകരായ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ സ്‌നേഹം കൊണ്ടൊരുക്കിയ അവിയല്‍ രുചിക്കാന്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുമെത്തി. സീഡ് അംഗങ്ങള്‍ വിളയിച്ച പച്ചക്കറികളിട്ടൊരുക്കിയ പരിപ്പുകറിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും കണ്ടു. അങ്ങനെ 'നഞ്ചില്ലാത്ത ഊണ് എന്റെ വക' എന്ന മാതൃഭൂമി സീഡിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമായി. 'തയ്യാറെ'ന്ന സ്‌കൗട്ടിന്റെ മുദ്രാവാക്യം യാഥാര്‍ഥ്യമായ സന്തോഷത്തിലായിരുന്നു സംസ്ഥാന സ്‌കൗട്ട് കമ്മീഷണര്‍ സി.വിനോദ്കുമാര്‍. ഒരു ചരിത്രമൊരുക്കാന്‍ തവിയിട്ടിളക്കിയതിന്റെ സന്തോഷം പാചകവിദഗ്ദ്ധന്‍ അന്നൂര്‍ മദക്കട ബാലകൃഷ്ണപ്പൊതുവാള്‍ മറച്ചുവെച്ചില്ല. ആറായിരത്തോളം പേരെ കുട്ടികളുടെ വിയര്‍പ്പിന്റെ ഫലം കൊണ്ടൂട്ടിയ ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ കെ.രമേശനും ഇവിടെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. ഉച്ചയ്ക്ക് തലശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിലെ ഊട്ടുപുരയിലെത്തിയ ബിഷപ്പിനെ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി. പൗലോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.പ്രകാശന്‍ എന്നിവരും ഭക്ഷണ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. കുട്ടികളുടെ ഈ മഹത്തായ ശ്രമത്തിന് പിന്തുണയേകാനാണ് തന്റെ ഈ സന്ദര്‍ശനമെന്ന് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ഇത് സംസ്ഥാന കലോത്സവത്തിലും തുടരണംഅദ്ദേഹം നിര്‍ദേശിച്ചു. തലശ്ശേരി എസ്.എച്ച്. സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ മരിയ രേഖ, ചെറുകുന്ന് വെല്‍ഫെയര്‍ എച്ച്.എസ്. പ്രഥമാധ്യാപകന്‍ പി.നാരായണന്‍കുട്ടി, സീഡ് ദൗത്യസംഘാംഗങ്ങളായ സി.സുനില്‍കുമാര്‍, ആന്‍ മരിയ ഇമാനുവല്‍, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി

Photos >>