Category : Seed
കടയ്ക്കല്‍: ഹരിതാഭവും വര്‍ണാഭവുമായിരുന്നു മാതൃഭൂമി സീഡ് പുരസ്‌കാര വിതരണ ചടങ്ങുകള്‍. െമടഞ്ഞ ഓലയുടെ പച്ചപ്പില്‍ വേദിക്ക് കേരളീയ ഗ്രാമസംസ്‌കൃതിയുടെ അഴകായിരുന്നു. കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച രംഗപൂജയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. മഹാദേവ കീര്‍ത്തനത്തിനൊപ്പം ചുവടുവച്ച കുട്ടികള്‍ രംഗപൂജ ദൃശ്യവിരുന്നാക്കി. നാട്യനാദവിസ്മയം ഒടുങ്ങും മുമ്പേ നാടന്‍പാട്ടുമായി കടയ്ക്കല്‍ സ്‌കൂളിലെ കുട്ടികളെത്തി. മണ്ണും മനുഷ്യനും ചര്‍ച്ചയാകുന്ന വേദിയില്‍ നാടന്‍താളത്തില്‍ പാട്ടൊഴുകി. വാഴപ്പിണ്ടിയില്‍ കുരുത്തോല വളച്ചുകുത്തിയ അഴകിന്റെ വിളക്കുകാലുകള്‍ക്കുമേല്‍ എള്ളെണ്ണയില്‍ കുതിര്‍ന്ന തിരികള്‍ കാത്തിരുന്നു. വിദ്യാര്‍ഥികള്‍ പകര്‍ന്ന പന്തത്തിലെ അഗ്‌നി വിശിഷ്ടാതിഥികള്‍ ഏറ്റുവാങ്ങി വേദിയിലെ ദീപങ്ങള്‍ തെളിച്ചപ്പോള്‍ മുഴങ്ങിയത് പരിസ്ഥിതി സ്‌നേഹത്തിന്റെ ഗീതശകലങ്ങള്‍. പ്രകൃതിയുടെ നിലനില്പിലാണ് മാനവരാശിയുടെ വളര്‍ച്ചയെന്നും വിദ്യാര്‍ഥികളില്‍ സമൂഹ നന്‍മയുടെ വിത്തുകള്‍ വിതച്ച മാതൃഭൂമി സീഡ് പദ്ധതി നല്ലനാളെയുടെ പ്രകാശമാണെന്നും ആശംസാവചനങ്ങളായി ഉദ്ഘാടകനും മുഖ്യപ്രഭാഷകനും പറഞ്ഞപ്പോള്‍ നിറഞ്ഞ ൈകയടികളോടെ സദസ്സ് പിന്തുണച്ചു. ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം മൂന്നാം തവണയും ഏറ്റുവാങ്ങിയ ആതിഥേയര്‍ കൂടിയായ കടയ്ക്കല്‍ ഗവ.ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ സന്തോഷത്തിന് അതിരില്ലായായിരുന്നു. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം കടയ്ക്കല്‍ സ്‌കൂളിലെ വി.വിജയന് ലഭിച്ചത് സ്‌കൂളിന് ഇരട്ടിമധുരമായി. മികച്ച ഹരിതവിദ്യാലയ പുരസ്‌കാരങ്ങളും ജെം ഓഫ് സീഡ് പുരസ്‌കാരങ്ങളും ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. നന്ദി ചൊല്ലുന്നതിനു മുമ്പായി ആ ഗാനമുയര്‍ന്നു'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... മലിനമായ ജലാശയം, അതിമലിനമായൊരു ഭൂമിയും...' ഒരുമയുടെ ഉത്സവമായ പുരസ്‌കാര വിതരണത്തിനുശേഷം വിതരണം ചെയ്ത നാടന്‍ ഭക്ഷണവും വ്യത്യസ്തമായി. കപ്പയും കാച്ചിലും ചേനയും ചേമ്പും മധുരക്കിഴങ്ങും നനകിഴങ്ങും ഏത്തയ്ക്കയും പുഴുങ്ങിയതു കഴിക്കാന്‍ കുട്ടികള്‍ക്കൊപ്പം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും കൂടി. പരിസ്ഥിതിയും പ്രകൃതിയും മനസ്സില്‍ നിറച്ച് നല്ലനാളെകളുടെ പ്രതീക്ഷകളും പങ്കുവച്ചാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ മടങ്ങിയത്.