മാതൃഭൂമി ഹരിതവിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

By : klmadmin On 17th December 2014

Category : Seed

കടയ്ക്കല്‍: പരിസ്ഥിതിയെ നെഞ്ചോടുചേര്‍ത്ത് സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി മാതൃഭൂമി ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് നടപ്പാക്കിയ സീഡ് പദ്ധതി 2013ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മൂന്നാംതവണയും ഏറ്റുവാങ്ങി. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങില്‍ ഉടനീളം മുഴങ്ങിയത് പരിസ്ഥിതി സ്‌നേഹത്തിന്റെ നല്ല വാക്കുകള്‍. പ്രകൃതിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് വര്‍ത്തമാനകാലത്തിന്റെ വലിയ കുറവെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. പറഞ്ഞു. മനുഷ്യന്റെ ഏറ്റവുമടുത്ത ബന്ധു മരമാണെന്ന് പഠിപ്പിച്ചത് കാളിദാസകൃതികളാണ്. കൃഷിയെ കച്ചവടമായിക്കാണാതെ സംസ്‌കാരമായി കാണാന്‍ കഴിയണം. പ്രകൃതിയുണ്ടെങ്കിലേ തലമുറകളുള്ളൂ, ചെടികളെ സ്‌നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്ന സീഡ് പദ്ധതി നാളെയുടെ പ്രകൃതിക്ക് കാവലാളായി അവരെ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി ശാക്തീകരണത്തിലൂടെ സാമൂഹിക മുന്നേറ്റമെന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ സ്വപ്നമാണ് മാതൃഭൂമി സീഡ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. സാമൂഹിക ഓഡിറ്റ് നടത്തിയാല്‍ സീഡ് പ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ ഗുണപരമായ മാറ്റം ബോധ്യമാകും. വളര്‍ച്ചയും വികസനവുമെന്ന മുദ്രാവാക്യം അധികാരികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പരിസ്ഥിതി നശിപ്പിച്ചുള്ള വികസനത്തിലൂടെ സാമ്പത്തികവളര്‍ച്ചയുണ്ടാകും. എന്നാല്‍ ഇങ്ങനെ നേടുന്ന സമ്പത്തിന്റെ പത്തിരട്ടി വിനിയോഗിച്ചാലും ശുദ്ധവായുവും കുടിവെള്ളവും ഭക്ഷണവും സൃഷ്ടിക്കാന്‍ കഴിയില്ല. സന്തുലിതവികസനം പലപ്പോഴും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നു. പരിസ്ഥിതി സംരക്ഷണം രണ്ടാംതരം അജണ്ടയായി മാറുമ്പോള്‍ പ്രകൃതിസ്‌നേഹമുള്ള തലമുറകളുടെ സൃഷ്ടി അനിവാര്യമായി മാറുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപോലും കഴിയാത്ത രീതിയില്‍ പരിസ്ഥിതിസംരക്ഷണത്തില്‍ മുന്നേറുന്ന മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതവിദ്യാലയ പുരസ്‌കാരവിതരണവും എം.പി. നിര്‍വഹിച്ചു. മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക ജൂറി പുരസ്‌കാരം കടയ്ക്കല്‍ സ്‌കൂളിനും ഡീഡ് റിപ്പോര്‍ട്ടിങ്ങിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ചിറ്റൂര്‍ ഗവ. യു.പി.സ്‌കൂളിനും സമ്മാനിച്ചു. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള, കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലത, ഫെഡറല്‍ ബാങ്ക് റീജണല്‍ മേധാവി ടി.എം.ജോര്‍ജ്, പഞ്ചായത്ത് അംഗം എസ്.സന്ധ്യ, പുനലൂര്‍ ഡി.ഇ.ഒ. ഓഫീസ് സൂപ്രണ്ട് എ.സി.ബൈജു, കടയ്ക്കല്‍ ജി.എച്ച്.എസ്.എസ്സിലെ പ്രിന്‍സിപ്പല്‍ എസ്.ബിന്ദു, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ എസ്.സുജ, പി.ടി.എ. പ്രസിഡന്റ് വി.സുബ്ബലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ കെ.ഗോപകുമാരപിള്ള സ്വാഗതവും കടയ്ക്കല്‍ സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ വി.വിജയന്‍ നന്ദിയും പറഞ്ഞു.

Photos >>