ആഹ്ലൂദത്തിന്റെ ആറാംവര്‍ഷം ആഘോഷമായി... മണ്ണിനെയും മഴയെയും പുഴയെയും കാക്കുന്ന കുട്ടികള്‍ പൂക്കളെ പ്പോലെ ചിരിച്ചെത്തി...

By : pkdadmin On 16th December 2014

Category : Seed

പാലക്കാട്:ആരവച്ചാര്‍ത്തണിഞ്ഞ അന്തരീക്ഷത്തില്‍ പ്രൗഢ സദസ്സിന് മുന്നില്‍ 2013-14 വര്‍ഷത്തെ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പ്രകൃതിസംരക്ഷണത്തിനായി മാതൃഭൂമി കുട്ടികള്‍ക്കൊപ്പം നടന്നുതുടങ്ങിയിട്ട് ആറാംവര്‍ഷമാണിത്. പാലക്കാട് ജോബീസ് മാളില്‍നടന്ന ചടങ്ങ് തൃശ്ശൂര്‍ കാര്‍ഷികസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ പ്രകൃതിയും ചുറ്റുപാടുകളും മലിനീകരിക്കപ്പെട്ടുവെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. ഇത് തിരുത്തി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയണമെന്ന് ഡോ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള പരിസ്ഥിതി സ്‌നേഹമാണ് സീഡിന്റെ ആശയമെന്നും ഏറെ പ്രശംസനീയമാണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കണ്ടുപിടിത്തങ്ങളും വിദ്യാഭ്യാസവുമൊക്കെ ഭൂമിയില്‍ ജീവന്റെ നിലനില്പ് ലക്ഷ്യമിടുന്നതാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കളക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കെ.കെ. ശോഭന, മണ്ണാര്‍ക്കാട് ഡി.ഇ.ഒ. പി. നാരായണന്‍, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.ഒ. സണ്ണി, ഫെഡറല്‍ബാങ്ക് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍, സീസണ്‍വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ രാജന്‍ചെറുക്കാട് സ്വാഗതവും സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ് നന്ദിയും പറഞ്ഞു. മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ 24 പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ വിതരണംചെയ്തത്. വിശിഷ്ടാതിഥികളാണ് പുരസ്‌കാരദാനം നടത്തിയത്. തുടര്‍ന്ന്, പരിസ്ഥിതിബോധവത്കരണമുള്‍പ്പെടെ കലാപരിപാടികളും അരങ്ങേറി.

Photos >>